ക്ലോസറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്, സംഭവിച്ചത്

Wednesday 14 May 2025 10:07 AM IST

ലക്‌നൗ: ടോയ്‌ലറ്റിലെ ക്ലോസറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിൽ നോയിഡയിലെ സെക്ടർ 35ലാണ് അപകടം നടന്നത്. ആഷുവെന്ന യുവാവിന്റെ മുഖത്തും ശരീരത്തിലുമാണ് പൊള്ളലേറ്റത്. അദ്ദേഹത്തെ ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഷുവിന് 35ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു.

ക്ലോസറ്റ് പൊട്ടിത്തെറിച്ച സമയത്ത് ആഷു മൊബെെൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരം ഒരു അപകടം നടന്നതെന്ന് വ്യക്തമല്ലെന്ന് ആഷുവിന്റെ പിതാവ് പറയുന്നു. മോശമായ പ്ലംബിംഗാണ് കാരണമെന്നാണ് നിഗമനം.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വീട്ടിൽ വെെദ്യുതി തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. മീഥെയ്ൻ വാതകം ക്ലോസറ്റിൽ അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. 'ഇവിടത്തെ പെെപ്പുകൾ ഒരുപാട് പഴയതല്ല. പക്ഷേ അവ വർഷങ്ങളായി വൃത്തിയാക്കിയിട്ടില്ല. പെപ്പുകളിൽ അടിഞ്ഞുകൂടുന്ന വാതകം പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്'- സെക്ടർ 35 താമസിക്കുന്ന ഹരീന്ദർ ഭാട്ടി പറഞ്ഞു.

ചെറിയ കുളിമുറിയിൽ മലിനജല ലെെനുകളിലും മീഥെയ്ൻ അടിഞ്ഞുകൂടുമെന്ന് കെമിസ്ട്രി പ്രൊഫസർ പറയുന്നു. സെക്ടർ 35ലെ അഴുക്കുചാലുകൾ വൃത്തിയുള്ളതാണെന്നും വീടിനുള്ളിലെ എന്തെങ്കിലും പ്രശ്നമാകാം സ്‌ഫോടനത്തിന് കാരണമെന്നും നോയിഡ് അതോറിറ്റിയിലെ സീനിയർ മാനേജർ എ പി വർമ്മ പറഞ്ഞു.