കളമശേരി സ്‌ഫോടനം; സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

Wednesday 14 May 2025 12:47 PM IST

കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി മാ‌ർട്ടിനെതിരെ സാക്ഷിപറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആ‌ർഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേയ് 12ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്‌ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകൾ സഹിതമാണ് ഇവർ പരാതി നൽകിയത്.

2023 ഒക്‌ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്‌ക്കിടെ സ്‌ഫോടനമുണ്ടായത്. പെട്രോൾ ബോംബ് ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിൽ എട്ടുപേ‌ർ കൊല്ലപ്പെട്ടു. 45ഓളംപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.