കേക്കിലും ക്രീം ബിസ്ക്കറ്റിലും എംഡിഎംഎ; 40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ പിടിയിൽ
മലപ്പുറം: 40 കോടിയോളം വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ പിടിയിൽ. ഇന്നലെ രാത്രി 11.45 മണിക്ക് തായ്‌ലൻഡിൽ നിന്നും എയർഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയവരാണ് ഇവർ. ചെന്നെെ സ്വദേശിനി റാബിയത് സെെദു സെെനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ് പിടികൂടിയത്.
34 കിലോ ഹെെബ്രിഡ് കഞ്ചാവും കൂടാതെ തായ്ലൻഡ് നിർമിത 15 കിലോയോളം തൂക്കം വരുന്ന രാസലഹരി കലർത്തിയ ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവർ തായ്‌ലൻഡിൽ നിന്ന് ക്വാലലംപുർ വഴിയാണ് കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കെെപ്പറ്റാൻ എത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻജിൽ (35), റോഷൻ ആർ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.