മയക്കുമരുന്ന്  ലഹരിയിൽ  ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച സംഭവം; യുവാവ് അറസ്റ്റിൽ

Wednesday 14 May 2025 4:45 PM IST

കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പനന്തോട്ടത്തിൽ നൈഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃപീഡനം, കൊലപാതകശ്രമം, കുട്ടികൾക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് നൗഷാദ് ഭാര്യയെയും മകളെയും ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിൽ വീടിനകത്തുവച്ച് തലയിലും ദേഹത്തും ക്രൂരമായി മർദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യയുടെ പരാതി.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടുവയസുള്ള മകൾക്കും തന്റെ വല്യുമ്മയ്ക്കും പരിക്കേറ്റതായി ഭാര്യ പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ വീടുവിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. താമശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് യുവാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.വിവാഹം കഴിഞ്ഞതുമുതൽ തുടങ്ങിയ ഉപദ്രവമാണെന്ന് യുവതി പറയുന്നു. രാത്രി 10 മണിക്ക് തുടങ്ങിയ മർദനം രണ്ടുമണിക്കൂറോളം തുടർന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.