ജയിലർ 2 ൽ ലിച്ചിയും വിനീത് തട്ടിലും
രജനികാന്ത് ചിത്രം ജയിലർ 2 ൽ മലയാളി താരങ്ങളായ അന്ന രാജനും (ലിച്ചി) വിനീത് തട്ടിലും. ഇരുവരും ആദ്യമായാണ് തമിഴിൽ. രജനികാന്തിനൊപ്പം ജയിലർ 2 ൽ ചെറിയാെരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം ലിച്ചി പങ്കുവച്ചു. ജയിലർ 2 ന്റെ കോഴിക്കോടെ ലൊക്കേഷനിൽ അടുത്ത ആഴ്ച വിനീത് തട്ടിൽ ജോയിൻ ചെയ്യും.
ഒരു സെക്കൻഡ് ക്ളാസ് യാത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വിനീത് തട്ടിൽ അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ആട് 2 സിനിമയിൽ കൈപ്പുഴ കുഞ്ഞപ്പൻ എന്ന കഥാപാത്രം ഏറെ പ്രശസ്തി നേടിക്കൊടുത്തു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് വന്ന ലിച്ചി മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നവാഗതയായ ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരിമേരി ആണ് ലിച്ചി നായികായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് നായകൻമാർ. തെലുങ്ക് ഇൻഫ്ളൂവൻസർ ശ്രീരംഗ സുധയാണ് മറ്റൊരു നായിക.
അതേസമയം ജയിലർ 2 ന്റെ ചിത്രീകരണം അതീവ സുരക്ഷയിലാണ് നടക്കുന്നത്. 20 ദിവസത്തെ ചിത്രീകരണമാണ് കോഴിക്കോട്.ജൂൺ അവസാനമോ ജൂലായ് ആദ്യമോ മോഹൻലാൽ ജോയിൻ ചെയ്യും.