ഉറക്കം കെടുത്തി, ആ മുഖത്തെ തിണർത്ത പാടുകൾ
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകനായ അഡ്വ. ബെയ്ലിൻ ദാസ് തന്റെ ജൂനിയറായ അഡ്വ. ജെ.വി. ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, അഭിഭാഷക സമൂഹത്തിലെ ജൂനിയർ- സീനിയർ ബന്ധം എങ്ങനെയാകണമെന്ന് വിലയിരുത്തുകയാണ് ഹൈക്കോടതി റിട്ട. ജഡ്ജിയായ ലേഖകൻ
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ തന്റെ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം ഏറെ സങ്കടകരമാണ്. ആ പെൺകുട്ടിയുടെ മുഖത്തു കണ്ട തിണർത്ത പാടുകൾ എന്റെ ഉറക്കം കെടുത്തി. എനിക്കൊക്കെ ജൂനിയേഴ്സ് ധാരാളം ഉണ്ടായിരുന്നു. അതുപോലെ, ഞാനും ഒരു ജൂനിയറായി തുടങ്ങിയതാണ്. ഇങ്ങനെയൊരു സംഭവം കേട്ടുകേൾവിയിൽപ്പോലും ഇല്ല. ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണിത്. കാരണം, സീനിയർ അഭിഭാഷകനെ ഞങ്ങളെല്ലാം ഒരു ജ്യേഷ്ഠനായിട്ടാണ് കണക്കാക്കിയിരുന്നത്, അങ്ങനെയാണ് കണക്കാക്കേണ്ടതും.
സീനിയറായിരുന്ന വിജയരാഘവൻ വക്കീലിനെ ഞങ്ങൾ 'ചേട്ടനെ"ന്നാണ് വിളിച്ചിരുന്നത്- വിജയരാഘവൻ ചേട്ടൻ. അതുപോലെ, വി. സുഗതൻ വക്കീൽ സുഗതൻ ചേട്ടനായിരുന്നു. നമ്മളെക്കാൾ പ്രായമുള്ള അഭിഭാഷകരെല്ലാം അണ്ണനും ചേട്ടനുമൊക്കെയായിരുന്നു. 'സാർ" എന്ന വിളിയൊന്നുമില്ല. ഗുരുശിഷ്യ ബന്ധം എന്നതിലുപരി ജ്യേഷ്ഠാനുജ ബന്ധമാണ് ഇവർ തമ്മിൽ ഉണ്ടാകേണ്ടത്. അത്രത്തോളം മാനസിക അടുപ്പമുള്ളവരാകണം. എന്റെ ജൂനിയേഴ്സ് എന്നെ കരുതിയിരുന്നത് അതുപോലെയാണ്. അത്ര സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇഷ്ടമില്ലാത്ത ഒരു കാര്യം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, ഈ ചെയ്തത് ശരിയല്ലെന്ന് അവരെ പറഞ്ഞു മനസിലാക്കും. അതിനപ്പുറം അവരെ അസഭ്യം പറയുക, അധിക്ഷേപിക്കുക, ദേഹോപദ്രവം ഏൽപിക്കുക എന്നതൊക്കെ ചിന്തിക്കാനാകാത്ത കാര്യമാണ്.
വനിതാ അഭിഭാഷകർ ടീമിലുണ്ടെങ്കിൽ ദേഹത്തു തൊടുന്ന ഏർപ്പാടൊന്നും അന്നില്ല. അടികൊടുത്തു എന്നൊക്കെ ആദ്യമായാണ് ഞാൻ കേൾക്കുന്നത്. ആ പെൺകുട്ടി തന്നെ പറയുന്നു, താൻ ഗർഭിണിയായിരുന്നപ്പോഴും സീനിയർ അഭിഭാഷകൻ അടിച്ചിട്ടുണ്ടെന്ന്. അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. അവർ അന്ന് ജോലി മതിയാക്കി പോയപ്പോൾ അയാൾ ക്ഷമ ചോദിച്ച് തിരിച്ചുവിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇയാൾ മാനസികരോഗിയാണോ എന്നു പോലും എനിക്ക് സംശയമുണ്ട്. നേരേചൊവ്വേ ചിന്തിക്കുന്നവർ ആരും ഇങ്ങനെ ചെയ്യില്ല. ആ കുട്ടി രണ്ടാമതും ജോലിക്കു വന്നത് സാഹചര്യങ്ങൾ കൊണ്ടാകാം. അല്ലെങ്കിൽ ഇങ്ങനെയുള്ള ആളുടെ കൂടെ വീണ്ടും പ്രാക്ടീസ് ചെയ്യാനെത്തുമോ? കുട്ടി നന്നായി ജോലി ചെയ്തിരുന്നു എന്നാണ് കേട്ടത്. കോടതിയിൽ സബ്മിറ്റ് ചെയ്യാനൊക്കെ മിടുക്കിയാണ്. അതുകൊണ്ടാകും അയാൾ കാലുപിടിച്ച് വീണ്ടും തിരിച്ചുവിളിച്ചത്.
എന്തു കഷ്ടമാണ് ആ കുട്ടിയോട് ചെയ്തിരിക്കുന്നത്? മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ അടിച്ച് നശിപ്പിച്ചിരിക്കുകയല്ലേ?നിലം തുടയ്ക്കുന്ന മോപ്പ് സ്റ്റിക്കു കൊണ്ടും അടിച്ചു. കവിളെല്ലിന് നേരിയ പൊട്ടലുണ്ടെന്നും പറയുന്നു. അത് ശരിയെങ്കിൽ 'ഗ്രീവസ് ഹർട്ട് വിത്ത് ഡേഞ്ചറസ് വെപ്പൺ" എന്ന കുറ്റകൃത്യത്തിൽ ഉൾപ്പെടും. ജാമ്യം കിട്ടാത്ത കേസ് മാത്രമല്ല, 10 വർഷം വരെ തടവു ശിക്ഷയും ലഭിക്കാം. അനുമതിയില്ലാതെ സ്ത്രീയുടെ ദേഹത്ത് സ്പർശിച്ചത് അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം കൂടിയാണ്. ഞാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ, കേസിൽപ്പെട്ട അഭിഭാഷകനെ നേരിട്ടു പരിചയമില്ല. ഇങ്ങനെയുള്ളയാളെ എന്തു ചെയ്യണമെന്നറിയില്ല. ഏതായാലും പ്രതിക്ക് എളുപ്പമാകില്ല, കാര്യങ്ങൾ.