ലൈഫ് പദ്ധതിയിൽ പയ്യന്നൂർ നഗരസഭക്ക് ആദരം
Wednesday 14 May 2025 8:21 PM IST
പയ്യന്നൂർ : ലൈഫ് പി.എം.എ.വൈ ഭവന പദ്ധതി നിർവഹണത്തിൽ കൈവരിച്ച നേട്ടത്തിന് പയ്യന്നൂർ നഗരസഭക്ക് സംസ്ഥാന സർക്കാരിന്റെ ആദരം.എന്റെ കേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന പരിപാടിയിൽ മന്ത്രി എം.ബി. രാജേഷിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി.കേന്ദ്രസംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കി വരുന്ന ഭവന നിർമാണ പദ്ധതിയിൽ 12 ഘട്ടങ്ങളിലായി 824 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. 2023 24 സാമ്പത്തിക വർഷം വരെ 700 ലധികം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കി വരുന്ന വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നടന്ന് കൊണ്ടിരിക്കുകയാണ്.അനുമോദന പരിപാടിയിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.പി.കൃഷ്ണൻ, മെമ്പർ സെക്രട്ടറി എം.രേഖ, പി.എം.എ.വൈ എസ്.ഡി.എസ്.നെമിമോൾ എന്നിവരും പങ്കെടുത്തു.