കന്യാകുളങ്ങര ആശുപത്രി വികസനം ഫണ്ട് അനുവദിച്ചിട്ടും പൂർത്തിയാകാതെ
വെമ്പായം: അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യത്തിന് ഫണ്ടനുവദിച്ചിട്ടും കന്യാകുളങ്ങര ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. 5വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിപ്പോഴും പ്രാരംഭ നടപടികളിൽ ഒതുങ്ങി നിൽക്കുകയാണ്. വെമ്പായം, മാണിക്കൽ പഞ്ചായത്ത് നിവാസികൾ പ്രധാനമായി ആശ്രയിക്കുന്നത് കന്യാകുളങ്ങര ആശുപത്രിയെയാണ്. എന്നാൽ ഇവിടെയെത്തുന്ന രോഗികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും റെഫർ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള ദൂരവും സമയവും കാരണം പലപ്പോഴും അടുത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ ആശ്രയിക്കുന്നത്. അപകടങ്ങൾ പതിവായ എം.സി റോഡിന്റെ സമീപത്തെ പ്രധാന ആശുപത്രിയാണ് കന്യാകുളങ്ങര. രാത്രികാലങ്ങളിൽ അപകടങ്ങളിൽപ്പെട്ടവരെ 108 ആംബുലൻസ് കിട്ടാത്തതിനാൽ സ്വകാര്യ വാഹനങ്ങളിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പരിമിതികൾ മാത്രം
സ്ഥലപരിമിതി കാരണം ഫാർമസിയും കുത്തിവയ്പ് കേന്ദ്രവും പ്രവർത്തിക്കുന്നത് ഇടുങ്ങിയ സ്ഥലങ്ങളിലാണ്. കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികളെ പാലിയേറ്റീവ് വാർഡിൽ കിടത്തുന്നു. പരിമിതികൾ ഏറെയുണ്ടെങ്കിലും ഇപ്പോഴും 500ന് മുകളിൽ രോഗികൾ ദിവസേന ഒ.പിയിലെത്തുന്നുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ വൈകിട്ടും ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടാകാറില്ല. അതോടൊപ്പം സന്ധ്യ കഴിഞ്ഞാൽ 108 ആംബുലൻസിന്റെ സേവനവും ലഭ്യമല്ല.
നിർമ്മാണം നടന്നില്ല
2019ൽ കൊവിഡിന് മുമ്പ് ആശുപത്രിയുടെ അവസ്ഥ മനസിലാക്കി അടിസ്ഥാന സൗകര്യ വികസനത്തിനായി 1.5 കോടി രൂപ സർക്കാരിൽ നിന്ന് അനുവദിച്ചിരുന്നു. തുടർന്ന് പുരുഷന്മാരുടെ വാർഡ് പൊളിച്ച് പുതിയ കെട്ടിടത്തിനുള്ള പ്രാരംഭ പണികൾ ആരംഭിച്ചു. താഴത്തെ നിലയിൽ ഒ.പി വിഭാഗം,ഒന്നാം നിലയിൽ ലേബർ റൂം ഉൾപ്പെടുന്ന ഗൈനക് വിഭാഗം, രണ്ടാംനിലയിൽ ഐ.സിയു ഉൾപ്പെടുന്ന സർജറി വിഭാഗം, മൂന്നാം നിലയിൽ ജനറൽ വിഭാഗം എന്നിങ്ങനെ നാലു നിലകളിലായി അത്യധുനിക നിലവാരത്തിലാണ് ആശുപത്രിയുടെ നിർമ്മാണം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ തുടങ്ങിയ വേഗതയിൽ തുടർന്നുള്ള പണികൾ മുന്നോട്ടു പോയില്ല.