ബി.ആർ. ഗവായ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Thursday 15 May 2025 4:56 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്രിസായി ജസ്റ്റിസ് ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസാണ്. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണനുശേഷം ഇന്ത്യൻ ജുഡിഷ്യറിയുടെ പരമോന്നത പദവിയിലേക്ക് എത്തുന്ന ദളിത് വേരുകളുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയാണ്. ഈ വർഷം നവംബർ 23വരെയാണ് അദ്ദേഹത്തിന്റെ സർവീസ് കാലാവധി.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ജസ്റ്റിസ് ഗവായിയുടെ അമ്മ കമൽതായ്, ഭാര്യ തേജസ്വിനി ഗവായ് തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി സുപ്രീംകോടതി വളപ്പിലെ മഹാത്മാഗാന്ധി, അംബേദ്‌കർ പ്രതിമകളിൽ ജസ്റ്റിസ് ഗവായി പുഷ്‌പാർച്ചന നടത്തി. രാഷ്ട്രത്തിനും ഭരണഘടനയ്‌ക്കും വഴിവിളക്കാണ് ഇരുവരുമെന്ന് അദ്ദേഹം അനുസ്‌മരിച്ചു.