അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐയുടെ വാതിലുകൾ പൊളിച്ച് അകത്തുകയറി സി.സി.ടി.വി ക്യാമറകൾ, മോട്ടോറുകൾ, കേബിളുകൾ ഉൾപ്പെടെ 2,25,000 രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ കുറത്തികാട് പൊലീസ് പിടികൂടി. കഴിഞ്ഞ 7നാണ് മാർ ബസേലിയോസ് ഐ.ടി.ഐയിൽ മോഷണം നടത്തിയത്. സി.ഐ മോഹിത്.പി.കെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കല്ലുമല മുതൽ കരുവാറ്റ വരെയുള്ള നൂറോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയ ശേഷം പ്രതികൾ ഹരിപ്പാട്ടുള്ള താമസ സ്ഥലത്തുനിന്ന് മാറി നൂറനാട് പുതിയ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ ഷംസുർ (27), മുഹമ്മദ് സുമൻ (33) ഡൽഹി സ്വദേശിയായ മുഹമ്മദ് സൽമാൻ (29) എന്നിവരാണ് അറസ്റ്റിലായത്. പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സഞ്ചരിച്ച് മോഷണം നടത്തുവാനുള്ള സ്ഥലങ്ങൾ കണ്ടെത്തി രാത്രി കാലങ്ങളിൽ മോട്ടോർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളിൽ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികൾക്ക് മറ്റ് സംസ്ഥാനങ്ങളിലും കേസുകൾ ഉണ്ട്. കുറത്തികാട് എസ്.ഐ ഉദയകുമാർ.വി, എ.എസ്.ഐമാരായ രാജേഷ് ആർ.നായർ, രജീന്ദ്രദാസ്, എസ്.പി.ഒ ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.