ചന്ദ്രഗിരി ഡ്രഡ്ജർ വീണ്ടും പണിമുടക്കി
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതിനായി കണ്ണൂർ അഴീക്കൽ നിന്നെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജർ വീണ്ടും പണിമുടക്കി. ഹൈഡ്രോളിക് പൈപ്പ് പൊട്ടിയതാണ് കാരണം. ഇതോടെ മണൽ നീക്കം പ്രതിസന്ധിയിലായി. സാങ്കേതിക തകരാർ പരിഹരിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ചന്ദ്രഗിരി ഡ്രഡ്ജറിൽ മണൽ നീക്കം ആരംഭിച്ചത്. ഡ്രഡ്ജിംഗിനിടയിൽ സോയിൽ പൈപ്പിലൂടെ കൂടുതൽ സമയവും വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരുന്നത്. ആ തകരാർ പരിഹരിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മണൽ നീക്കം ആരംഭിച്ചത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പൈപ്പ് പൊട്ടുകയും ചെയ്തു. സാങ്കേതിക വിദഗ്ദ്ധരെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ചേറ്റുവയിൽ നിന്നെത്തിച്ച മിനി ഡ്രഡ്ജറിന്റെ കാലാവധി കഴിഞ്ഞുവെന്ന രീതിയിൽ, പ്രവർത്തനം നിറുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികളും സമരസമിതി പ്രവർത്തകരും. 10 മുതൽ മിനി ഡ‌്രഡ്ജർ പ്രവർത്തിക്കാതെ മാറ്റിയിട്ടിരിക്കുകയാണ്.
മിനി ഡ്രഡ്ജറിന്റെ കരാർ പുതുക്കി എത്രയും പെട്ടെന്ന് മണൽ നീക്കം നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു.