രൂപേഷിന് കണ്ടെത്തിയ മുറി ബിരിയാണി കടയായി!

Thursday 15 May 2025 2:30 AM IST

ആലപ്പുഴ: കാഴ്ചപരിമിതനായ കെ.എ.എസ് ഉദ്യോഗസ്ഥനും ജില്ലാ അസി. ഇൻഷ്വറൻസ് ഓഫീസറുമായ എച്ച്.രൂപേഷിന് ഓഫീസിലേക്കുള്ള മൂന്നുനില പടിക്കെട്ടുകൾ കയറാനുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് ജില്ലാ കളക്ടർ കണ്ടെത്തിയ മുറി ബിരിയാണി കടയായി മാറി. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തെ കെട്ടിടത്തിലെ താഴത്തെ നിലയിലെ കുടുസ്സുമുറിയാണ് രൂപേഷിന് ഇരിയ്ക്കാനായി കണ്ടെത്തിയിരുന്നത്.

ഇവിടെ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നത് ശാരീരിക - മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് രൂപേഷ് മനുഷ്യാവകാശ കമ്മീഷന് മൊഴി നൽകിയിരുന്നു. തുടർന്ന് രൂപേഷിന് മാനുഷിക പരിഗണന നൽകി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും, സംസ്ഥാന ഭിന്നശേഷി കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും ഗവൺമെന്റ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ രൂപേഷിന് ഇതേ കുടുസ്സുമുറിയിൽ തന്നെ സൗകര്യം ഒരുക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ഈ മുറി സ്വകാര്യ വ്യക്തി ബിരിയാണി കടയ്ക്കായി വാടകയ്ക്കെടുത്തത്. തിങ്കളാഴ്ച്ച മുതൽ ഇവിടെ ബിരിയാണിക്കട പ്രവർത്തിക്കുകയാണ്.