വേമ്പനാട് കായലിൽ 'കറുത്ത കക്ക കാലം"
അളവ് വർദ്ധിച്ചതായി പഠനം
ആലപ്പുഴ: വേമ്പനാട് കായലിൽ കറുത്ത കക്കയുടെ അളവ് വർദ്ധിച്ചതായി കണ്ടെത്തൽ. കേരള സമുദ്ര, മത്സ്യപഠന സർവകലാശാലയാണ് (കുഫോസ്) പഠനം നടത്തിയത്. കറുത്ത കക്കയ്ക്ക് മുട്ടയിടാൻ പി.പി.ടി (വെള്ളത്തിലെ ഉപ്പ് രസത്തിന്റെ അളവ്) 8- 9 മുകളിലോ താഴെയോ എത്തണം. നിലവിൽ ഈ രണ്ടു സാഹചര്യവും ലഭിച്ചതാണ് വർദ്ധനവിന് കാരണം. വൈക്കം, ടി.വി പുരം എന്നിവിടങ്ങളിലാണ് ലഭ്യത കൂടിയത്.
1970 മുതൽ 2005 വരെയുള്ള കണക്ക് പ്രകാരം പ്രതിവർഷം ശരാശരി 30,000- 35,000 ടൺ കക്കയാണ് വേമ്പനാട് കായലിൽ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിത് 40,000- 45,000 ടൺ ആയി. രാജ്യത്ത് കറുത്ത കക്കയുടെ 82 ശതമാനവും ലഭിക്കുന്നത് വേമ്പനാട് കായലിൽ നിന്നാണ്. ഭക്ഷണത്തിനും കുമ്മായം നിർമ്മിക്കാനുമാണ് കക്ക ഉപയോഗിക്കുന്നത്.
മല്ലികക്ക പിടിത്തം ഭീഷണി
രണ്ടു സീസണുകളിലാണ് കക്ക മുട്ടയിടുന്നത്. നവംബർ- ഡിസംബർ മാസത്തിൽ ഓരുവെള്ളം കയറുമ്പോഴും മേയ്- ജൂൺ മാസത്തിൽ മഴക്കാലത്ത് വെള്ളത്തിന്റെ അളവ് കൂടി ഉപ്പ് രസം കുറയുമ്പോഴും
മഴക്കാലത്ത് വേമ്പനാട് കായലിൽ ഒഴുക്ക് ശക്തമായി ആര്യാട്, മുഹമ്മ ഭാഗത്ത് നിന്ന് കക്ക ഒഴുകി വൈക്കം, ടി.വി പുരം ഭാഗത്ത് അടിയും. മൂവാറ്രുപുഴയാറിൽ നിന്നുള്ള വെള്ളവും ഇവിടെയെത്തും. ഈ സമയം ഉപ്പ് രസം കുറഞ്ഞ്, മുട്ടയിടാനുള്ള സാഹചര്യം കൂടും
മുട്ടയിട്ട് ആറുമാസം കൊണ്ട് കക്ക വിളവെടുക്കാനാകും. എന്നാൽ മല്ലികക്ക (ചെറിയ കക്ക) പിടിക്കുന്നത് വ്യാപകമായത് ഭാവിയിൽ കക്കയുടെ ലഭ്യത കുറയാൻ കാരണമാകും
വർദ്ധന
5,000-10,000 ടൺ
വേമ്പനാട് കായലിൽ കറുത്ത കക്കയുടെ അളവ് കൂടുതലായി കണ്ടെത്തിയത് ഗുണകരമായ മാറ്റമാണ്. എന്നാൽ മല്ലികക്ക കൂടുതലായി പിടിക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കും
ഡോ. വി.എൻ. സഞ്ജീവൻ, പ്രൊഫസർ ചെയർ സെന്റർ ഫോർ
അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ്
ആൻഡ് കൺസർവേഷൻ, കുഫോസ്