പ്രധാനമന്ത്രിയ്ക്ക് കുളവാഴയിൽ തീർത്ത മാംഗല്യ ക്ഷണക്കത്ത്

Thursday 15 May 2025 1:43 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനായി കുളവാഴയിൽ തയാറാക്കിയ ക്ഷണക്കത്തുമായി റാണിയും മകൾ പൂ‌ർണിമയും, കത്ത് വികസിപ്പിച്ച പ്രൊഫ.ഡോ.നാഗേന്ദ്രപ്രഭുവിനൊപ്പം

ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്തമായ ഒരു വിവാഹ ക്ഷണക്കത്ത് അയച്ച് ബി.ജെ.പിയുടെ മുൻ ആലപ്പുഴ നഗരസഭാംഗം മുല്ലയ്ക്കൽ തയ്യിൽ വീട്ടിൽ റാണി രാമകൃഷ്ണൻ. മകൾ പൂർണിമയുടെ വിവാഹത്തിന് ക്ഷണിക്കാനാണ് കുളവാഴയിൽ തീർത്ത കത്ത് രാജ്യതലസ്ഥാനത്തേയ്ക്ക് പറന്നത്.

2015 - 2020 കാലഘട്ടത്തിൽ ആലപ്പുഴ നഗരസഭയിൽ ബി.ജെ.പി പ്രതിനിധിയായിരുന്നു റാണി. ഈ മാസം 19ന് ആലപ്പുഴ എ.എൻ.പുരം നന്ദാവനം ഓഡിറ്റോറിയത്തിലാണ് പൂർണ്ണിമയുടെയും കോഴഞ്ചേരി സ്വദേശി നവനീത് മോഹൻ റാവുവിന്റെയും വിവാഹം.

ആലപ്പുഴ എസ്.ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകനുമായ ഡോ.നാഗേന്ദ്രപ്രഭു നടത്തുന്ന കുളവാഴ പരീക്ഷണങ്ങൾ അടുത്തറിഞ്ഞാണ് കുടുംബസുഹൃത്തായ റാണി വ്യത്യസ്ത കത്തിനായി അദ്ദേഹത്തെ സമീപിച്ചത്. കുളവാഴ പൾപ്പിൽ നിന്നുണ്ടാക്കിയ പ്രത്യേക പേപ്പറിൽ കല്യാണക്കുറി തയ്യാറാക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്ക് അയച്ചത്.