മലേഷ്യൻ നമ്പറിൽ നിന്ന് ഭീഷണി സന്ദേശം: 'കേരളമാകെ കളമശേരി മാേഡൽ സ്ഫോടനം നടത്തും; സാക്ഷി പറയുന്നവരെ വധിക്കും' ലക്ഷ്യം യഹോവ സാക്ഷികളുടെ ഉൻമൂലനം

Thursday 15 May 2025 3:11 AM IST

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെഷനിൽ സ്ഫോടനം നടത്തിയതുപോലെ അവരുടെ കേരളത്തിലെ എല്ലാ ആരാധനായിടങ്ങളും ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി.

എട്ടു പേരുടെ ജീവനെടുത്ത സ്ഫോടനത്തിലെ മുഖ്യപ്രതിയായ തമ്മനം ചിലവന്നൂർ വേലിക്കകത്തുവീട്ടിൽ ഡൊമിനിക് മാർട്ടിനെതിരെ സാക്ഷിപറയുന്നവരെ വധിക്കുമെന്നും മുന്നറിയിപ്പ്.മതസ്പർദ്ധയുണ്ടാക്കൽ, വധഭീഷണി എന്നീ വകുപ്പുകൾ ചുമത്തി കളമശേരി പൊലീസ് കേസെടുത്ത് സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.

മലേഷ്യൻ ഫോൺനമ്പറിൽ നിന്ന് നോർത്ത് കളമശേരി ചേനക്കല റോഡ് തമ്മിപ്പാറ വീട്ടിൽ ശ്രീകുമാറിന് തിങ്കളാഴ്ച രാത്രി 9.57നാണ് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ശ്രീകുമാർ.

2023 ഒക്ടോബർ 29ന് ഉണ്ടായ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ദുബായിൽ അന്വേഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അടുത്തിടെയാണ് അനുമതി നൽകിയത്. ഈ പശ്ചാത്തലത്തിൽ ഭീഷണിയെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.