പാക് ആക്രമണം തടുത്ത ഭുജ് വ്യോമ കേന്ദ്രത്തിലേക്ക് രാജ്നാഥ്
ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളി, ശനി ദിവസങ്ങളിൽ ഗുജറാത്തിലെ ഭുജ് വ്യോമതാവളം സന്ദർശിക്കും. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പാക് ഡ്രോണുകളെയും മിസൈലുകളെയും തകർത്ത ഭുജ് വ്യോമതാവളത്തിലെ സൈനികരുമായി അദ്ദേഹം സംവദിക്കും. പാകിസ്ഥാൻ ഭുജ് വ്യോമതാവളം ലക്ഷ്യമിട്ടെങ്കിലും ഇന്ത്യ വിഫലമാക്കിയിരുന്നു. രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീരും സന്ദർശിക്കും. നാളെ അതിർത്തി പ്രദേശമായ പൂഞ്ച് സന്ദർശിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബ് അതിർത്തിയിലെ ആദംപൂർ വിമാനത്താവളം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
ഇന്ത്യ-പാക് അതിർത്തി മേഖലയും രാജ്നാഥ് സിംഗ് സന്ദർശിക്കുമെന്നറിയുന്നു.
ഭുജ് രുദ്ര മാതാ വ്യോമസ്റ്റേഷൻ
പാക് അതിർത്തി മേഖലയിലുള്ള നിർണായക കേന്ദ്രം . ഭുജ് സിവിലിയൻ വിമാനത്താവളവുമുണ്ട്. വ്യോമതാവളം സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന് (SWAC) കീഴിൽ. 2001ലെ ഭൂകമ്പത്തിൽ വലിയ നാശം നേരിട്ട ശേഷം പുനർനിർമ്മിച്ചു. ഭൂകമ്പത്തിൽ 30 സേനാംഗങ്ങൾക്ക് ജീവഹാനി നേരിട്ടിരുന്നു.
സേനാമേധാവികൾ
രാഷ്‌ട്രപതിയെ ധരിപ്പിച്ചു
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ ചീഫ് ഓഫ് ഡിഫൻസ്(സി.ഡി.എസ്) സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും മൂന്ന് സായുധ സേനാ മേധാവികളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ധരിപ്പിച്ചു.
സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തിയത്. സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു.
മന്ത്രിതല സുരക്ഷാ
സമിതി യോഗം
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വെടിനിറുത്തലിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മന്ത്രിതല സുരക്ഷാസമിതി യോഗം ചേർന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു. ലോക്‌കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ സമിതി അംഗങ്ങളും മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു.