ബെല്ലടിക്കാറായി,​ സ്കൂൾ വിപണി ഉണർന്നു

Thursday 15 May 2025 2:03 AM IST

കോട്ടയം: അദ്ധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി. ജില്ലയിൽ സ്‌കൂൾ വിപണി സജീവമായി. പുത്തൻ ട്രെൻഡുകൾ അനുസരിച്ചും വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിലുമാണ് പുതിയ സ്‌കൂൾ വിപണന ഉത്പന്നങ്ങൾ വിപണിയിലെത്തിയിരിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സൂപ്പർ ഹീറോകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബാഗുകളും കുടകളുമാണ് ഇത്തവണത്തെയും പ്രധാന ആകർഷണങ്ങൾ. അനിമേഷൻ കഥാപാത്രങ്ങളും ഇതോടൊപ്പമുണ്ട്. പഠനോപകരണങ്ങൾക്ക് മുൻവർഷത്തെക്കാൾ വില വർദ്ധിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നുമുണ്ട്.

വിലയിൽ വർദ്ധനവ് അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിലവർദ്ധനയ്ക്ക് കാരണം. യൂണിഫോമുകൾക്കും വില ഉയർന്നു. നോട്ട്ബുക്കുകൾക്ക് 5 രൂപ മുതൽ വില വർദ്ധനവുണ്ട്. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപയ്ക്ക് മുകളിലാണ് വില. ബോക്‌സിന് 75 രൂപ മുതലാണ് വില. ബോക്‌സിന്റെ ഡിസൈനും ബ്രാൻഡും അനുസരിച്ച് വില ഉയരും. പുസ്തകങ്ങൾ പൊതിയുന്ന ബ്രൗൺ പേപ്പർ റോളിനും വില കൂടി. അതേസമയം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വലിയ തോതിൽ ഡിസ്‌കൗണ്ടുകളും ഓഫറായി ഒരുക്കുന്നുണ്ട്.

വില ഇങ്ങനെ: ബാഗ്: 350 മുതൽ 2400 രൂപ വരെ കുട : 300 രൂപ മുതൽ (കുട്ടികളുടേതിന്: 280 രൂപ) സ്‌കൂൾ ഷൂ: 230 രൂപ മുതൽ വാട്ടർ ബോട്ടിൽ: 60 രൂപ മുതൽ മഴകോട്ട്: 250 രൂപ മുതൽ

11 വർഷമായി കച്ചവട മേഖലയിലുണ്ട്. ചെറിയതോതിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കുണ്ട്. 20 കഴിഞ്ഞാൽ വലിയ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

ഇസ്മയിൽ വ്യാപാരി