അഭിഭാഷകയും മക്കളും ആത്മഹത്യചെയ്ത സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Thursday 15 May 2025 2:17 AM IST

കോട്ടയം: ഹൈക്കോടതി അഭിഭാഷക മക്കൾക്കൊപ്പം ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ,​ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ജീവനൊടുക്കിയ ജിസ്‌മോൾ തോമസിന്റെ ഭർത്താവ് അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിമ്മി ജോസഫ് (35), ഇയാളുടെ പിതാവ് ജോസഫ് (70) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളിയത്. ഏപ്രിൽ 15നാണ് ജിസ്മോൾ തോമസ് (ജെസി- 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവരെ മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്നു ജിസ്‌മോൾ.

ഭർതൃ വീട്ടുകാരുടെ പീഡനത്തെതുടർന്നാണ് മരണമെന്നാരോപിച്ച് ജിസ്‌മോളുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ജിസ്‌മോളുടെ മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജിസ്‌മോളുടെ പിതാവ് പരാതി നൽകിയിരുന്നു.

നേരത്തെ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഏറ്റുമാനൂർ പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.