വിഖ്യാത ചലച്ചിത്രകാരൻ റോബർട്ട് ബെന്റൺ ഓർമ്മയായി

Thursday 15 May 2025 6:47 AM IST

ന്യൂയോർക്ക്: ഓസ്കാർ ജേതാവായ വിഖ്യാത അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ റോബർട്ട് ബെന്റൺ (92) അന്തരിച്ചു. ഞായറാഴ്ച മാൻഹട്ടണിലെ വസതിയിലായിരുന്നു അന്ത്യം. മികച്ച ചിത്രം, മികച്ച സംവിധായകൻ അടക്കം അഞ്ചു ഓസ്കാറുകൾ നേടിയ 'ക്രാമർ വേഴ്സസ് ക്രാമർ" (1979) ഉൾപ്പെടെ നിരവധി സിനിമകളുടെ സംവിധായകനാണ്.

ഡസ്റ്റിൻ ഹോഫ് മാനും മെറിൽ സ്ട്രീപ്പും അഭിനയിച്ച ക്രാമർ വേഴ്സസ് ക്രാമറിന്റെ സംവിധാനത്തിനും തിരക്കഥയ്ക്കും ഓസ്കാർ സ്വന്തമാക്കിയ ബെന്റൺ, 'പ്ലേസസ് ഇൻ ദ ഹാർട്ട്" (1984) എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ കരിയറിലെ മൂന്നാം ഓസ്കാർ സ്വന്തമാക്കി. നാലു തവണ ഓസ്കാർ നോമിനേഷനും നേടി.

1932 സെപ്തംബർ 29ന് ടെക്സസിലെ ഡാലസിലാണ് ജനനം. ചെറുപ്പത്തിൽ പഠന വൈകല്യം (ഡിസ്‌ലെ‌ക്‌സിയ) അദ്ദേഹത്തെ അലട്ടിയിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. തുടർന്ന് ഏതാനും നാൾ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു.

1967ൽ ഡേവിഡ് ന്യൂമാനൊപ്പം ചേർന്ന് 'ബോണി ആൻഡ് ക്ലൈഡ്" എന്ന ക്രൈം ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടാണ് ബെന്റൺ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. ആർതർ പെൻ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായി. സൂപ്പർമാൻ (1978) അടക്കം 1970- 1980 കാലഘട്ടത്തിലെ ചിത്രങ്ങൾക്ക് ന്യൂമാനുമായി ചേർന്നാണ് ബെന്റൺ തിരക്കഥയെഴുതിയത്. സൂപ്പർമാൻ സീരീസിലെ ആദ്യചിത്രത്തിന്റെ തിരക്കഥ മരിയോ പൂസോ, ഡേവിഡ് ന്യൂമാൻ, ലെസ്ലി ന്യൂമാൻ എന്നിവർക്കൊപ്പമാണ് ബെന്റൺ രചിച്ചത്. നായകൻ ക്രിസ്റ്റഫർ റീവ് ആയിരുന്നു. സംവിധാനം റിച്ചാർഡ് ഡോണറും. ബാഡ് കമ്പനിയിലൂടെ (1972) ബെന്റൺ സംവിധായകന്റെ കുപ്പായമണിഞ്ഞു. 11 ചിത്രങ്ങൾ മാത്രമാണ് ദീർഘ കരിയറിൽ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ ആത്മകഥാ രചനയിലായിരുന്നു അദ്ദേഹം.

ദ ലേറ്റ് ഷോ,​ സ്റ്റിൽ ഒഫ് ദ നൈറ്റ്,​ നദൈൻ,​ നോബഡീസ് ഫൂൾ,​ ട്വിലൈറ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായും തിരക്കഥാകൃത്തായും ശ്രദ്ധനേടി. ഫീസ്റ്റ് ഒഫ് ലവ് (2007)​ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 59 വർഷം ബെന്റണിന്റെ ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സാലി റെൻഡിഗ് 2023ൽ മരിച്ചിരുന്നു. മകൻ: ജോൺ.