പ​ഹ​ൽ​ഗാം ഭീകരാക്രമണം: ഇന്ത്യ യു.എന്നിന് തെളിവുകൾ കൈമാറും

Thursday 15 May 2025 6:53 AM IST

ന്യൂയോർക്ക് : പ​ഹ​ൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരഗ്രൂപ്പായ ദ റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ (ടി.ആർ.എഫ്) ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാ സമിതിയിൽ ഇന്ത്യ പുതിയ തെളിവുകൾ സമർപ്പിക്കും. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ടി.ആർ.എഫിനെ ആഗോള ഭീകര ഗ്രൂപ്പുകളുടെ പട്ടികയിൽ പെടുത്താനാണ് ഇന്ത്യയുടെ ശ്രമം.

പാകിസ്ഥാന്റെ ഭീകരബന്ധം തുറന്നുകാട്ടുന്ന തെളിവുകളും ഇന്ത്യൻ സംഘം സമർപ്പിക്കും. ടി.ആർ.എഫ് അംഗങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും യാത്രാ വിലക്കുകൾ ഏർപ്പെടുത്താനുമുള്ള സാദ്ധ്യതകളും ഇന്ത്യൻ സംഘം തേടും. ടി.ആർ.എഫിന്റെ അതിർത്തി കടന്നുള്ള ഭീകരതയുടെ തെളിവുകൾ നേരത്തെ രണ്ട് തവണ ഇന്ത്യ യു.എൻ കമ്മിറ്റിയ്ക്ക് കൈമാറിയിരുന്നു.

അതേ സമയം, നിലവിൽ രക്ഷാസമിതിയിൽ താത്കാലിക അംഗമായ പാകിസ്ഥാൻ ടി.ആർ.എഫിനെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന രക്ഷാ സമിതിയുടെ പ്രമേയത്തിൽ നിന്ന് ടി.ആർ.എഫിന്റെ പേര് ഒഴിവാക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ തന്നെ വെളിപ്പെടുത്തിയിരുന്നു. ടി.ആർ.എഫിന് ആക്രമണത്തിൽ പങ്കില്ലെന്നും അവർ ഭീകര സംഘടനയല്ലെന്നും മറിച്ച് ഒരു പ്രാദേശിക 'ഫോറം " ആണെന്നുമാണ് ദറിന്റെ ന്യായീകരണം.