ഹോസെ മുഹീക ഇനി ഓർമ്മ
മോണ്ടിവിഡീയോ: തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായ്‌യുടെ മുൻ പ്രസിഡന്റ് ഹോസെ മുഹീക ( 89 ) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. 20ന് 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. 2010 - 2015 കാലയളവിൽ യുറുഗ്വായ്‌യുടെ 40 -ാം പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ലളിത ജീവിതം നയിച്ച അദ്ദേഹം തനിക്ക് ലഭിച്ച 12,000 യു.എസ് ഡോളർ പ്രതിമാസ ശമ്പളത്തിന്റെ 90 ശതമാനവും ദരിദ്രർക്കും ചെറുകിട സംരംഭകർക്കും വേണ്ടിയുള്ള ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്തിരുന്നു. പ്രസിഡൻഷ്യൽ പാലസ് അടക്കം ആഡംബരങ്ങൾ ഉപേക്ഷിച്ച അദ്ദേഹം 1987 മോഡൽ ഫോക്‌സ്‌വാഗൺ ബീറ്റിലും 60 വർഷം പഴക്കമുള്ള തന്റെ സൈക്കിളുമാണ് യാത്രകൾക്ക് ഉപയോഗിച്ചത്. ഗറില്ല പോരാളിയായിരുന്ന അദ്ദേഹം 1970 - 1980 കാലഘട്ടത്തിലെ സൈനിക സ്വേച്ഛാധിപത്യ സമയത്ത് 14 വർഷം ജയിലിലടയ്ക്കപ്പെട്ടു. ഇടതുപക്ഷ പാർട്ടികളുടെ സഖ്യമായ ബ്രോഡ് ഫ്രണ്ടിലെ അംഗമായിരുന്ന മുഹീക 2005 - 2008 കാലയളവിൽ കാർഷിക, ഫിഷറീസ് മന്ത്രിയായി. മൂന്ന് തവണ സെനറ്റംഗമായി. ഭാര്യയും മുൻ വൈസ് പ്രസിഡന്റുമായ ലൂസിയ ടൊപോളൻസ്‌കിയുമൊത്ത് മോണ്ടിവിഡീയോയിലെ ഫാമിൽ ക്രിസാന്തിമം കൃഷി ചെയ്തും വളർത്തുമൃഗങ്ങളെ പരിപാലിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും സജീവമായിരുന്നു.