ഇന്ത്യൻ വംശജ അനിത ആനന്ദ് കനേഡിയൻ വിദേശകാര്യ മന്ത്രി
ഒട്ടാവ : ഇന്ത്യൻ വംശജ അനിത ആനന്ദ് ( 57 ) കാനഡയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഭഗവത്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അനിത, രാജ്യത്തെ വിദേശകാര്യ മന്ത്രി പദത്തിലെത്തിയ ആദ്യ ഹിന്ദു വനിതയാണ്. മുമ്പും ക്യാബിനറ്റ് പദവികൾ വഹിച്ചിരുന്ന അനിത, ഭഗവത്ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കഴിഞ്ഞ മാസം നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലെ ലിബറൽ പാർട്ടി വീണ്ടും അധികാരം നേടിയിരുന്നു. പിന്നാലെയാണ് ക്യാബിനറ്റിൽ കാർണി അഴിച്ചുപണികൾ നടത്തിയത്. ജസ്റ്റിൻ ട്രൂഡോ രാജിവച്ചതോടെ മാർച്ച് മുതൽ പ്രധാനമന്ത്രിപദം വഹിക്കുകയായിരുന്നു കാർണി. കാർണിയുടെ ആദ്യ ക്യാബിനറ്റിൽ രജിസ്ട്രാർ ജനറൽ പദവിയ്ക്കൊപ്പം ശാസ്ത്ര, വ്യവസായ വകുപ്പുകളുടെ ചുമതലയും അനിതയ്ക്കായിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന മെലാനി ജോളിയെ ക്യാബിനറ്റ് പുനഃസംഘടനയ്ക്ക് പിന്നാലെ ഈ പദവികളിലേക്ക് കാർണി നിയമിച്ചു.
# ആരാണ് അനിത ആനന്ദ് ?
ജനനം കാനഡയിലെ നോവ സ്‌കോട്ടിയയിൽ
മാതാപിതാക്കൾ കാനഡയിലേക്ക് കുടിയേറിയ ഇന്ത്യൻ ഡോക്ടർമാർ
പിതാവ് തമിഴ്നാട് സ്വദേശി. മാതാവ് പഞ്ചാബി
സഹോദരിമാർ: ഗീത (അഭിഭാഷക), സോണിയ (ഡോക്ടർ, ഗവേഷക)
ഭർത്താവ് - ജോൺ നോൾട്ടൺ (അഭിഭാഷകൻ, ബിസിനസുകാരൻ). നാല് മക്കൾ
ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ ഗതാഗതം, ആഭ്യന്തര വ്യാപാരം, പ്രതിരോധം, പൊതുസേവനം എന്നീ മന്ത്രിപദങ്ങൾ വഹിച്ചു
യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ ഫാകൽറ്റി ഒഫ് ലോയിലെ മുൻ പ്രഫസർ. അഭിഭാഷക
പൊളിറ്റിക്കൽ സ്റ്റഡീസിൽ അടക്കം നാല് ബിരുദങ്ങൾ
2019 മുതൽ ഒന്റേറിയോയിലെ ഓക്ക്‌വില്ലിൽ നിന്നുള്ള എം.പി