രാജ് നിധിമോറിന്റെ തോളിൽ തലചായ്ച്ച് സാമന്ത, ചർച്ചയായി സംവിധായകന്റെ ഭാര്യയുടെ വിചിത്ര കുറിപ്പ്

Thursday 15 May 2025 10:33 AM IST

ദക്ഷിണേന്ത്യൻ സൂപ്പർ താരമായ സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെയായി സിനിമാ മേഖലയിൽ ശക്തമാവുകയാണ്. ഇന്നലെ രാജുമൊത്തുള്ള ചില ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതും ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളിലൊന്നിൽ സാമന്ത രാജിന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന ചിത്രമാണ് ഏറെ ചർച്ചയാകുന്നത്. ഇതേദിവസം തന്നെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമലി ദേ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചൂടൻ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

'എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്‌നേഹവും ആശംസകളും നൽകുന്നു'- എന്നാണ് തന്റെ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സാമന്ത പങ്കുവച്ചതിന് പിന്നാലെ ശ്യാമലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

2015ലാണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. ഇരുവരും ഇപ്പോഴും ഭാര്യാഭർത്താക്കന്മാർ തന്നെയാണ്. സൈക്കോളജിയിൽ ബിരുദധാരിയായ ശ്യാമലി വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്‌റ എന്നീ സംവിധാ‌യകർക്കൊപ്പം അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ അവർ ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിർ ഗോൽപോ എന്നിവയുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.