അൽപം കാപ്പിപ്പൊടിയെടുത്തോളൂ, ഒരു മിനിട്ടുകൊണ്ട് ഹെയർ ഡൈ ഉണ്ടാക്കാം; നരയെല്ലാം അപ്രത്യക്ഷമാകും

Thursday 15 May 2025 12:14 PM IST

നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. സമയക്കുറവ് മൂലവും ബുദ്ധിമുട്ടാനുള്ള മടി മൂലവും മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. ചില ഹെയർ ഡൈകൾ കെമിക്കലുകൾ ഉപയോഗിച്ചതായിരിക്കാം. അതിനാൽത്തന്നെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചിലപ്പോൾ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്ക് മുടി മുഴുവൻ നരച്ചുപോയേക്കാം.

കെമിക്കലുകളൊന്നും ചേർക്കാതെ തികച്ചും നാച്വറലായ രീതിയിൽ വീട്ടിലുണ്ടാക്കുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മിനിട്ടുകൾക്കുള്ളിൽത്തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഹെയർ ഡൈ ഉണ്ട്. ഇതിന് കരിഞ്ചീരകം, കാപ്പിപ്പൊടി, വെളിച്ചെണ്ണ എന്നിവ മാത്രമേ ആവശ്യമുള്ളൂ.

കരിഞ്ചീരകം ഒരു പാത്രത്തിലോ ദോശക്കല്ലിലോ ഇട്ട് നന്നായി ചൂടാക്കുക. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് തരി ഒട്ടുമില്ലാതെ പൊടിച്ചെടുക്കുക. പൊടിച്ച് വച്ച് ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചാൽ അടുത്ത തവണ ഒന്നോ രണ്ടോ മിനിട്ടുകൾക്കുള്ളിൽ ഹെയർ ഡൈ തയ്യാറാക്കാൻ കഴിയും.

ശേഷം ആവശ്യത്തിന് കരിഞ്ചീരകപ്പൊടി ഒരു കപ്പിലേക്ക് ഇട്ടുകൊടുക്കുക. മുടിയുടെ നീട്ടവും, നരയുമൊക്കെ അനുസരിച്ച് ഓരോരുത്തരുടെയും അളവ് വ്യത്യാസപ്പെട്ടിരിക്കും. ഇതിലേക്ക് കാപ്പിപ്പൊടി ചേർത്തുകൊടുക്കാം. ഇനി ഈ പൊടികളിലേക്ക് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകളിൽ ഹെയർ ഡൈ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഷാംപു ഉപയോഗിക്കാതെ വേണം കഴുകാൻ. ആവശ്യമെങ്കിൽ ചെമ്പരത്തി താളി ഉപയോഗിക്കാം.