'ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഉത്തരവാദിത്ത ബോധം കാണിക്കണം'; മന്ത്രിയുടെ വിദ്വേഷ പരാമ‌ർശത്തിൽ സുപ്രീംകോടതി

Thursday 15 May 2025 12:23 PM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ സൈനിക നടപടി വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമ‌ർശം നടത്തിയ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മദ്ധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയത്.

ഭരണഘടനയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി പറഞ്ഞു. രാജ്യം ഒരു ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഒരു മന്ത്രി തന്റെ ഉത്തരവാദിത്ത ബോധം കാണിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ ബെഞ്ചാണ് വിമർശനം നടത്തിയത്.

മദ്ധ്യപ്രദേശ് ഹൈക്കോടതി ജബൽപൂർ ബെഞ്ച് നേരത്തെ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. സ്വമേധയാ ഇടപെട്ട ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ,​ അനുരാധാ ശുക്ള എന്നിവരടങ്ങിയ ബെഞ്ചാണ് വിജയ് ഷായ്‌ക്കെതിരെ ഇന്നലെ വൈകിട്ട് ആറിനുള്ളിൽ കേസെടുക്കാൻ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചത്.

ബിജെപി സർക്കാരിൽ ഗോത്രക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന ഷാ, അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗം വൻ വിവാദമായതോടെ സോഫിയ ഭാരതത്തിന്റെ അഭിമാനമാണെന്ന് ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വിശദീകരിച്ചു. ഏഴു ദിവസം കൊണ്ട് സോഫിയ യുവതലമുറയുടെ അഭിമാന താരമായെന്നും പറഞ്ഞു.

പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ആദ്യം പറഞ്ഞ ഷാ പിന്നീട് ക്ഷമാപണം നടത്തി. കേണൽ സോഫിയ ജാതിക്കും സമുദായത്തിനും അതീതമായി ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിച്ചയാളാണ്. അവരുടെ സേവനത്തെ സല്യൂട്ട് ചെയ്യുന്നു. അപമാനിക്കാൻ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ല. എന്റെ സഹോദരിയേക്കാൾ പ്രധാനമാണ്. ഞാൻ ഒരു തവണയല്ല, പത്ത് തവണ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിശദീകരണം.