ഐവിൻ ജിജോയുടെ മരണം; പ്രതികളായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നു, കേസിന് പിന്നാലെ സസ്‌പെൻഷൻ

Thursday 15 May 2025 12:52 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഐവിൻ ജിജോ (24) എന്ന യുവാവ് അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐവിനെ ഇടിച്ച കാറിലുണ്ടായിരുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. ഇരുവരെയും നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു.

വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇവർ ഐവിനെ മനഃപൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് ഐവിൻ ജോലി ചെയ്‌തിരുന്നത്. രാത്രി ഡ്യൂട്ടിക്ക് പോകുന്നതിനിടെ നായത്തോട് വച്ചാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്.

റോഡിൽ ഒരു ത‌ർക്കമുണ്ടായെന്നും എത്താൻ അൽപ്പം വൈകുമെന്നും ഐവിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി ഐവിന്റെ അയൽവാസി ജോസ് പറഞ്ഞു. ഒമ്പതരയോടെയാണ് ഐവിൻ വീട്ടിൽ നിന്നിറങ്ങിയത്. 9.50ന് തർക്കമുണ്ടായതായി സ്ഥാപനത്തിലേക്ക് വിളിച്ചുപറഞ്ഞു. തർക്കത്തിന്റെ ദൃശ്യങ്ങൾ ഐവിൻ ഫോണിൽ പകർത്തിയിരുന്നതായും വിവരമുണ്ട്.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി ഐവിന് മുൻപരിചയം ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ലെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ കാറിൽ വിശദമായ ശാസ്‌ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇപ്പോൾ അങ്കമാലിയിലെ ആശുപത്രിയിലാണ് ഐവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.