പ്രേമലു 2 ഈ വർഷം അവസാനം, ഹൈദരാബാദിലും യു.കെയിലും ചിത്രീകരണം

Friday 16 May 2025 4:51 AM IST

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2വിന് ഹൈദരാബാദിലും കൊച്ചിയിലും യു.കെയിലും ചിത്രീകരണമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് ഇത്തവണ പദ്ധതി. നസ്ളൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവഹിച്ച പ്രേമലു കഴിഞ്ഞ വർഷം ഫെബ്രുവരി 9നാണ് തിയേറ്ററിൽ എത്തിയത്. ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കാഡുകൾ തിരുത്തിക്കുറിച്ചു. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കളക്‌ഷൻ 135 കോടിയായിരുന്നു. അതേസമയം നസ്ളിൻ, മമിത ബൈജു എന്നിവർക്ക് മറ്റു ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റുകൾ പൂർത്തിയാക്കാനുണ്ട്. ഇതിനുശേഷമേ ചിത്രീകരണം ആരംഭിക്കൂ. നാല് ഷെഡ്യൂളിലായിരിക്കും ഇത്തവണ ചിത്രീകരണം. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, മാത്യു തോമസ് എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ട്. റൊമാന്റിക് കോമഡി ഗണത്തിൽപ്പെട്ട പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.