ഓപ്പറേഷൻ സിന്ദൂർ എന്ന നിയന്ത്രിത യുദ്ധം, മാറ്റിയെഴുതപ്പെട്ട യുദ്ധ തന്ത്രം

Friday 16 May 2025 3:05 AM IST

ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ നിലനിൽക്കുന്നത് പ്രവർത്തനങ്ങളിലെ താത്കാലിക വിരാമമാണ്. ചിലർ ഇതിനെ വെടിനിറുത്തൽ എന്നു വിശേഷിപ്പിച്ചേക്കാം. പക്ഷേ സൈനിക നേതാക്കൾ ബോധപൂർവം ആ പദം ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. യുദ്ധത്തിന്റെ കാഴ്ചപ്പാടിൽ, ഇതു വെറും ഇടവേളയല്ല. അപൂർവവും വ്യക്തവുമായ സൈനിക വിജയത്തെ തുടർന്നുള്ള തന്ത്രപരമായ നിലയാണ്.

വ്യവസ്ഥാപിതമായ നാലു ദിവസത്തെ സൈനിക നടപടിക്കു ശേഷം, വസ്തുനിഷ്ഠമായി ഇന്ത്യ വമ്പിച്ച വിജയം കൈവരിച്ചു എന്നത് വ്യക്തമാണ്. 'ഓപ്പറേഷൻ സിന്ദൂർ" തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുകതന്നെ ചെയ്തു. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, സൈനിക ആധിപത്യം തെളിയിക്കൽ, പ്രതിരോധം പുനഃസ്ഥാപിക്കൽ, പുതിയ ദേശീയ സുരക്ഷാ സിദ്ധാന്തം അനാവരണം ചെയ്യൽ എന്നിവയിലെത്താൻ ഇന്തയ്ക്കു കഴിഞ്ഞു. ഇത് പ്രതീകാത്മക ശക്തിയായിരുന്നില്ല; മറിച്ച്, നിർണായക ശക്തിയായിരുന്നു. അത് വ്യക്തമായി വിനിയോഗിക്കുവാൻ ഇന്ത്യയ്ക്കായി.

ഇക്കഴിഞ്ഞ ഏപ്രിൽ 22 ന്, ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 ഇന്ത്യൻ പൗരന്മാർ- അധികവും ഹിന്ദുവിഭാഗത്തിൽപ്പെട്ട വിനോദസഞ്ചാരികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബയുടെ (LeT) വിഭാഗമായ 'ദ റെസിസ്റ്റൻസ് ഫ്രണ്ട്" (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പതിറ്റാണ്ടുകളായി സംഭവിക്കുന്നതുപോലെ, ഈ സംഘത്തിന് പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ISI) പിന്തുണ നൽകുന്നുമുണ്ട്. എന്നാൽ, മുൻ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ഇത്തവണ കാത്തുനിന്നില്ല. രാജ്യാന്തര മധ്യസ്ഥതയ്ക്ക് അഭ്യർത്ഥിക്കുകയോ നയതന്ത്രപരമായ നീക്കം നടത്തുകയോ ചെയ്തില്ല.

പകരം, ഇന്ത്യ യുദ്ധവിമാനങ്ങൾ അയച്ചു. മേയ് ഏഴിന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂറി"ന് തുടക്കംകുറിച്ചു. ഇത് വേഗതയാർന്നതും കൃത്യവുമായ സൈനിക നീക്കമായിരുന്നു. ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഭീകരരുടെ ആസ്ഥാനമായ ഒമ്പതു കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. അതിൽ ജയ്‌ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ വിഭാഗങ്ങളുടെ ആസ്ഥാനവും പ്രവർത്തന കേന്ദ്രങ്ങളും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ സന്ദേശം വ്യക്തമാണ്: പാകിസ്ഥാൻ മണ്ണിൽ നിന്ന് ആരംഭിക്കുന്ന ഭീകരാക്രമണങ്ങൾ ഇനി യുദ്ധമായിത്തന്നെ കണക്കാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സിദ്ധാന്തം അസന്ദിഗ്ധമായി വ്യക്തമാക്കി: ഇന്ത്യ ആണവ ഭീഷണിയോട് സഹിഷ്ണുത കാട്ടില്ല. ആണവ ഭീഷണിയുടെ മറവിൽ വികസിക്കുന്ന ഭീകര ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യതയോടെ, നിർണായക ആക്രമണം നടത്തും. പ്രതികാര നടപടി എന്നതിലുപരി, തന്ത്രപരമായ സിദ്ധാന്തത്തിന്റെ പ്രഖ്യാപനമായിരുന്നു ഇത്. മോദി പറഞ്ഞതുപോലെ, 'ഭീകരതയും ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാനാകില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല." ഓപ്പറേഷൻ സിന്ദൂർ ആസൂത്രിതമായ ഘട്ടങ്ങളിലാണ് നടപ്പാക്കിയത്:

ആസൂത്രിത

ഘട്ടങ്ങൾ

മേയ് ഏഴ്: പാകിസ്ഥാൻ പ്രദേശത്തേക്ക് കൃത്യതയുള്ള ഒമ്പത് ആക്രമണങ്ങൾ നടത്തി. ബഹാവൽപൂർ, മുരീദ്കെ, മുസാഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ഭീകര പരിശീലന ക്യാമ്പുകളും ലോജിസ്റ്റിക്സ് നോഡുകളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടു.

മേയ് എട്ട്: ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വലിയ ഡ്രോൺ ആക്രമണവുമായി പാകിസ്ഥാൻ തിരിച്ചടിച്ചു. ഇസ്രയേൽ- റഷ്യൻ സംവിധാനങ്ങളുമായി ചേർന്ന് തദ്ദേശീയമായി നിർമിച്ചതും വികസിപ്പിച്ചതുമായ ബഹുതലത്തിലുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖല അവയെ നിർവീര്യമാക്കി.

മെയ് ഒമ്പത്: പാകിസ്ഥാന്റെ ആറ് സൈനിക വ്യോമതാവളങ്ങളിലും യു.എ.വി ഏകോപന കേന്ദ്രങ്ങളിലും ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്തി.

മെയ് 10: വെടിവയ്പ് താത്കാലികമായി നിറുത്തിവച്ചു. ഇന്ത്യ ഇതിനെ യുദ്ധവിരാമം എന്നു വിളിച്ചില്ല. താത്കാലിക വെടിനിറുത്തൽ എന്നാണ് ഇന്ത്യൻ സൈന്യം വിശേഷിപ്പിച്ചത്. സാഹചര്യത്തിന്റെ തന്ത്രപരമായ നിയന്ത്രണത്തിനു കരുത്തേകുന്ന അർഥവത്തായതും,​ എന്നാൽ മനഃപൂർവവുമായ ഭാഷാപ്രയോഗമായിരുന്നു ഇത്. ഇത് തന്ത്രപരമായ വിജയം മാത്രമായിരുന്നില്ല. തത്സമയ വെടിയുതിർക്കലിനു കീഴിലുള്ള സൈദ്ധാന്തികതയുടെ പൂർണാവിഷ്കാരമായിരുന്നു അത്. കൈവരിച്ച തന്ത്രപരമായ ഫലങ്ങൾ ശ്രദ്ധിക്കുക:

ഫലവത്തായ

തന്ത്രങ്ങൾ

1. പുതിയ നിയന്ത്രണരേഖ വരച്ചു; അത് നടപ്പാക്കി: പാകിസ്ഥാൻ മണ്ണിൽ നിന്നുള്ള ഭീകരാക്രമണങ്ങളെ ഇനി സൈനിക ശക്തി ഉപയോഗിച്ച് നേരിടും. അതൊരു ഭീഷണിയല്ല. അതാണ് പുതിയ മാതൃക.

2. സൈനിക ആധിപത്യം തെളിയിച്ചു: ഭീകര കേന്ദ്രങ്ങൾ, ഡ്രോൺ ഏകോപന കേന്ദ്രങ്ങൾ എന്നിവയിൽ മാത്രമല്ല, പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള ഏതു ലക്ഷ്യത്തെയും ഇന്ത്യയുടെ ഇച്ഛാനുസരണം ആക്രമിക്കാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചു. അതേസമയം, ഇന്ത്യയ്ക്കുള്ളിലെ സംരക്ഷിത പ്രദേശങ്ങളിലൊന്നിലും നുഴഞ്ഞുകയറാൻ പാകിസ്ഥാന് കഴിഞ്ഞില്ല. ഇത് സമാനതയല്ല,​ അത്യന്തികമായ ആധിപത്യമാണ്. അതിലൂടെയാണ് യഥാർത്ഥ പ്രതിരോധം ഉറപ്പിക്കപ്പെടുന്നത്.

3. പുനഃസ്ഥാപിച്ച പ്രതിരോധം: ഇന്ത്യ കരുത്തോടെ തിരിച്ചടിച്ചു. പക്ഷേ, സമ്പൂർണ യുദ്ധത്തിൽനിന്ന് പിന്മാറി. നിയന്ത്രിതമായ ഈ നീക്കം വ്യക്തമായ പ്രതിരോധ സന്ദേശമാണ്: ഇന്ത്യ പ്രതികരിക്കും; അതിന്റെ നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും.

4. തന്ത്രപരമായ സ്വാതന്ത്ര്യം ഉറപ്പാക്കി: അന്താരാഷ്ട്ര മധ്യസ്ഥത തേടാതെ ഇന്ത്യ ഈ പ്രതിസന്ധി കൈകാര്യം ചെയ്തു. പരമാധികാര മാർഗങ്ങൾ ഉപയോഗിച്ച് പരമാധികാര വ്യവസ്ഥകളിൽ തന്ത്രങ്ങൾ നടപ്പാക്കി. 'ഓപ്പറേഷൻ സിന്ദൂർ" അധിനിവേശത്തിനോ ഭരണമാറ്റത്തിനോ ആയിരുന്നില്ല. പ്രത്യേക ലക്ഷ്യങ്ങൾക്കായി നടപ്പിലാക്കിയ പരിമിതമായ യുദ്ധമായിരുന്നു അത്. ഇന്ത്യ കൂടുതൽ മുന്നോട്ടുപോകണമായിരുന്നു എന്നു വാദിക്കുന്ന വിമർശകർ പ്രധാന സന്ദേശം കാണാതെ പോകുന്നു- തന്ത്രപരമായ വിജയം എന്നത് നാശത്തിന്റെ തോതിലല്ല; അത് ആഗ്രഹിക്കുന്ന രാഷ്ട്രീയ ഫലം കൈവരിക്കുന്നതിലാണ്. ഇന്ത്യ പ്രതികാരത്തിനു വേണ്ടിയല്ല പോരാടിയത്; പ്രതിരോധത്തിനു വേണ്ടിയാണ്. അത് വിജയിക്കുകയും ചെയ്തു.

ഇന്ത്യ നിർവചിച്ച

യുദ്ധ സിദ്ധാന്തം

ഇന്ത്യയുടെ സംയമനം ബലഹീനതയല്ല; പക്വതയാണ്. ഇന്ത്യ വില ചുമത്തുകയും മുന്നറിയിപ്പുകളുടെ പരിധികൾ പുനർനിർവചിക്കുകയും ആധിപത്യ നിയന്ത്രണം നിലനിറുത്തുകയും ചെയ്തു. ഇന്ത്യ ആക്രമണത്തിന് മറുപടി നൽകുക മാത്രമല്ല; തന്ത്രപരമായ സമവാക്യം മാറ്റിയെഴുതുകയും ചെയ്തു. ഇന്നത്തെ കാലത്ത്, പല ആധുനിക യുദ്ധങ്ങളും തുറന്ന അധിനിവേശങ്ങളിലേക്കോ രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങളിലേക്കോ നീങ്ങുമ്പോൾ, 'ഓപ്പറേഷൻ സിന്ദൂർ" വേറിട്ടുനിൽക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങൾ, ഏകോപിത ലക്ഷ്യങ്ങളും മാർഗങ്ങളും, പ്രവചനാതീതമായ നില അഭിമുഖീകരിക്കുമ്പോൾ അതിനനുസരിച്ചുള്ള നിർവഹണം എന്നിങ്ങനെ അച്ചടക്കമുള്ള സൈനിക തന്ത്രത്തിന്റെ പ്രതിഫലനമായിരുന്നു ഇത്.

'ഓപ്പറേഷൻ സിന്ദൂറി"ൽ സൈന്യത്തിന്റെ വിന്യാസം അതിശക്തമായിരുന്നു; അതേസമയം,​ നിയന്ത്രിതമായിരുന്നു. കൃത്യവും നിർണയാകവും വ്യക്തവുമായിരുന്നു. ആധുനിക യുദ്ധത്തിൽ ഈ വ്യക്തത അപൂർവമാണ്. അവസാനമില്ലാത്ത യുദ്ധങ്ങൾ എന്ന പേരിൽ തന്ത്രപരമായ,​ ദിശയില്ലാത്ത അക്രമചക്രങ്ങൾ നിർവചിച്ചിരിക്കുന്ന ഈ യുഗത്തിൽ, 'സിന്ദൂർ" തികച്ചും വ്യത്യസ്തമാണ്. വ്യക്തമായി നിർവചിക്കപ്പെട്ട അവസാനവും, പൊരുത്തപ്പെടുന്ന മാർഗങ്ങളും, ഒരിക്കലും പരിശ്രമം ഉപേക്ഷിക്കാത്ത രാഷ്ട്രവുമുള്ള പരിമിതമായ യുദ്ധത്തിന്റെ മാതൃക ഇത് വാഗ്ദാനം ചെയ്യുന്നു. 2008-ലെ ഇന്ത്യ ആക്രമണങ്ങൾ സഹിച്ച് കാത്തുനിന്നു. ഇന്നത്തെ ഇന്ത്യ തിരിച്ചടിക്കുകയാണ്- അതിവേഗം, കൃത്യതയോടെ,​ വ്യക്തതയോടെ!

ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ വ്യവസായത്തിന്റെ പുരോഗതി, സായുധ സേനയുടെ പ്രൊഫഷണലിസം എന്നിവയെല്ലാം രാജ്യം അവസാന യുദ്ധത്തിനല്ല, അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ് എന്നതിന്റെ സൂചനയാണ്. പ്രവർത്തനത്തിലെ ഇടവേള 'ഓപ്പറേഷൻ സിന്ദൂറി"ന്റെ അവസാനമല്ല. ഇന്ത്യ താത്കാലികമായി സംയമനം പാലിക്കുകയാണ്. പ്രകോപനം വീണ്ടുമുണ്ടായാൽ, രാജ്യം വീണ്ടും ആക്രമിക്കും. ഇത് പ്രതിരോധം പുനഃസ്ഥാപിക്കലാണ്. ഭരണകൂടം സഹായമേകുന്ന ഭീകരതയുടെ വിപത്തിനെ നേരിടുന്ന എല്ലാ രാജ്യങ്ങളും ഇതd പാഠമാക്കണം. ആണവ വ്യാപനത്തിന്റെ നിഴലിൽ, ആഗോള ശ്രദ്ധയോടെ, വസ്തുനിഷ്ഠമായ ചട്ടക്കൂടിനുള്ളിൽ നിന്ന ആധുനിക യുദ്ധമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ." പ്രധാനപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കണക്കിലെടുക്കുമ്പോൾ, അത് ഇന്ത്യയുടെ തന്ത്രപരവും നിർണായകവുമായ വിജയമാണ്.