പോസ്റ്റൽ വോട്ട് തിരുത്താറില്ല,​ കേസെടുക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ മലക്കംമറിഞ്ഞ് ജി സുധാകരൻ

Thursday 15 May 2025 7:53 PM IST

തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് മുൻമന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ ജി.സുധാകരൻ. പോസ്റ്റൽ ബാലറ്റ് തിരുത്താറില്ല എന്നാണ് ജി.സുധാകരൻ ഇപ്പോൾ പറയുന്നത്. കുറച്ച് ഭാവന കൂട്ടി പറ‍ഞ്ഞതായിരുന്നെന്നും ചിലർക്ക് ജാഗ്രത വരുത്താൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദത്തിൽ മാദ്ധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മൾ പറയുന്നത് പൂർണമായി മാദ്ധ്യമങ്ങൾ കൊടുക്കില്ല. അവർക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നാണ് സുധാകരൻ പറഞ്ഞത്.

വിവാദ പരാമർശത്തെ തുടർന്ന് സുധാകരനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസീ‍ൽദാർ കെ. അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി. സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. മൊഴിയെടുപ്പ് പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്നും തഹസീൽദാർ വ്യക്തമാക്കി.

1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കുവേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി.ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തി. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല' എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ.

1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാൽ ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.