തുർക്കിയെ പിടിച്ചു കുലുക്കി ഭൂകമ്പം,​ 5.2 തീവ്രത,​ ആളപായമില്ലെന്ന് റിപ്പോർട്ട്

Thursday 15 May 2025 8:33 PM IST

ന്യൂഡൽഹി : തുർക്കിയിൽ ശക്തമായ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് , റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. തുർക്കിയിലെ സെൻട്രൽ അനറ്റോലിയ മേഖലയിലെ കോന്യ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്രീക്ക് ദ്വീപായ കാസോസിനടുത്ത്, ഏകദേശം 78 കിലോമീറ്റർ (48.67 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഗ്രീസ്, ഈജിപ്ത്, ലെബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി. തുർക്കിയിൽ, ഡെനിസ്‌ലി, അന്റലിയ, ഐഡിൻ, ഇസ്‌പാർട്ട, ബർദൂർ, മനീസ, ഇസ്മിർ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഏപ്രിൽ 23നും തുർക്കിയിൽ ഭൂചലനം ഉണ്ടായിരുന്നു,​ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ഇസ്താംബൂളിലാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിലെ മാർമര കടലിൽ 6.9 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടായി. തുർക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തിൽ 53,000 ആളുകളാണ് മരിച്ചത്. സിറിയയിൽ 6,000 പേരാണ് മരിച്ചത്.