ചെറുകുന്നിൽ ലോറി ഇടിച്ച് കാർ യാത്രികർക്ക് പരിക്ക്
പഴയങ്ങാടി :പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് കൊവ്വപ്പുറം വെള്ളറങ്ങിയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ചെറുകുന്ന് കൊവ്വപ്പുറം സ്വദേശികളായ ഡ്രൈവർ ഷാദുലി (50),ഹസീന (38) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ കൂടെയുണ്ടായിരുന്ന ഹസീനയുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മാട്ടൂലിലെ വീട്ടിൽ സ്വകാര്യ സന്ദർശനം കഴിഞ്ഞ് ചെറുകുന്നിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇന്നലെ ഉച്ചക്ക് 3.30 മണിയോടെയാണ് അപകടം. കണ്ണപുരം പോലിസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാദുലിയുടെ പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടർന്ന് കെ. എസ്.ടി.പി റോഡിൽ ഏറെ നേരം ഗതാഗതകുരുക്കുണ്ടായി. കണ്ണപുരം പൊലീസ് സ്ഥലത്ത് എത്തി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി.