മഴക്കാലത്തിന് മുമ്പ് പാർശ്വഭിത്തി പൂർത്തിയാക്കും

Thursday 15 May 2025 9:26 PM IST

തലശ്ശേരി:മലബാർ കാൻസർ സെന്ററിന്റെ കിഫ്ബി സഹായത്തോടെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണെടുത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ മൂലമുള്ള ദുരന്തം ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാർശ്വഭിത്തി പൂർത്തിയാക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ കൂടിയ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കിൽ നിർവ്വഹണ ഏജൻസിയായ വാപ്‌കോസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടെന്ന് യോഗം നിരീക്ഷിച്ചു. വാപ്‌കോസ് ജനറൽ മനേജർ കെ.പി.എസ് ത്യാഗി, കിഫ്ബി ടെക്നിക്കൽ കമ്മിറ്റി മെമ്പർ കെ.ശ്രീകണ്ഠൻ നായർ എന്നിവർ അടുത്ത ദിവസം സൈറ്റ് സന്ദർശിച്ച് എം.സി.സി. ഡയറക്ടർ ഡോ. ബി. സതീഷുമായി കൂടിയലോചന നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.