കുറുമാത്തൂരിന് ലൈഫ് മിഷൻ അംഗീകാരം
കുറുമാത്തൂർ: ലൈഫ് മിഷന്റെ സമ്പൂർണ പാർപ്പിട പദ്ധതി നിർവഹണത്തിൽ ജില്ലയിൽ കൂടുതൽ വീടുകളൊരുക്കിയതിന്റെ അംഗീകാരവുമായി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്. 2017 മുതലുള്ള എട്ട് വർഷ കാലയളവിൽ മികച്ച രീതിയിലുള്ള പ്രവർത്തനം നടത്തിയതിനാണ് അംഗീകാരം. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ 322 ഭൂമിയുള്ള ഭവനരഹിത കണ്ടെത്തുകയും 319 പേരുടെ വീടുകൾ പൂർത്തീകരിച്ചു. ഭൂരഹിതരും ഭവന രഹിതരുമായ 74 പേരിൽ 42 പേരുടെ വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭവന നിർമ്മാണത്തിന് മാത്രം 15 കോടി 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത്, ഹഡ്‌കോ വായ്പ, സംസ്ഥാന വിഹിതം എന്നീ വഴികളിലൂടെ സമാഹരിച്ച തുക കൊണ്ടാണ് ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. എല്ലാവർക്കും സുരക്ഷിതഭവനം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്.