വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രധാന 'മാർക്കറ്റ്' ഗൾഫ്; അന്വേഷണത്തിന് പ്രത്യേക സംഘം

Thursday 15 May 2025 9:34 PM IST

കാസർകോട്: കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രത്തെ കുറിച്ചും വ്യാജ സർട്ടിഫിക്കറ്റിന്റെ ഗുണഭോക്താക്കളെ കുറിച്ചും വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ, ഇൻസ്‌പെക്ടർമാരായ കെ.അഖിൽ, ശാർങ്‌ഗധരൻ എന്നിവരും സൈബർ വിദഗ്ധരും കുറ്റാന്വേഷണത്തിൽ മികവ് പുലർത്തുന്നവരുമായ ഉദ്യോഗസ്ഥർ അടക്കം ഒമ്പത് പേരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വ്യാജ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പിടികൂടിയ ഹാർഡ് ഡിസ്‌ക്കും മറ്റു തെളിവുകളും കേസിന്റെ മെറിറ്റും അടക്കം ഇന്നലെ പരിശോധിച്ച ശേഷമാണ് ജില്ലാ പൊലീസ് മേധാവി സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചത്. അന്വേഷണം ഊർജ്ജിതമാക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളായ നെറ്റ് 4 യു സൈബർ സ്ഥാപന ഉടമ സന്തോഷ് കുമാർ, പ്രധാന സൂത്രധാരൻ പി. രവീന്ദ്രൻ, പ്രിന്റിംഗ് നടത്തിയ ഇ.എച്ച് ഷിഹാബ് എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.പിടിയിലായ രവീന്ദ്രന്റെ നേതൃത്വത്തിൽ 2010 മുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ടൗണിൽ സ്വന്തമായി ഉണ്ടായിരുന്ന കമ്പ്യൂട്ടർ സ്ഥാപനം പൂട്ടിയതിന് ശേഷമാണ് ഈയാൾ ഒരു വർഷം മുമ്പ് പുതിയകോട്ടയിലെ സന്തോഷ് കുമാറിന്റെ സ്ഥാപനത്തിൽ എത്തി സംഘമായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം തുടങ്ങിയത്.

വ്യാജൻ ചൂടപ്പം പോലെ വിറ്റത് ഗൾഫിൽ

കാഞ്ഞങ്ങാട് കേന്ദ്രത്തിൽ നിന്നും അതീവ രഹസ്യമായി നിർമ്മിച്ച വ്യാജ സർട്ടിഫിക്കറ്റുകൾ പ്രധാനമായും ഉപയോഗപ്പെടുത്തിയത് ഗൾഫ് നാടുകളിൽ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ രവീന്ദ്രൻ നേരത്തെ വിദേശത്തായിരുന്നു. അവിടെ വച്ച് ഗൾഫ് മലയാളികളുമായും നാട്ടിലെ പ്രമുഖരുമായും ഉണ്ടാക്കിയ ബന്ധം മുതലെടുത്താണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം തുടങ്ങിയത്. കേരളത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയാൽ അധികൃതരുടെ ഭാഗത്ത് നിന്ന് ക്രോസ് ചെക്കിംഗ് ഉണ്ടാകുമെന്നറിയാമായിരുന്ന സംഘം ഗൾഫിലേക്കാണ് കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയത്. കൂടുതൽ തുക കിട്ടുമെന്നതും പ്രചോദനമായി. ആദ്യം രവീന്ദ്രനും ഷിഹാബും ചേർന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ മോഡൽ തയ്യാറാക്കി അയച്ചുകൊടുക്കും. ഏത് കമ്പനിയുടെയും എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകളും സംഘം നിർമ്മിച്ചു നൽകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലേക്കും കർണ്ണാടകയിലും ആന്ധ്രയിലും വരെ സംഘത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം.

കാഞ്ഞങ്ങാട് കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്ത വ്യാജ രേഖകളും ഹാർഡ് ഡിസ്‌ക്കും മുഴുവനായും പരിശോധിച്ചു. വിപുലമായ ശൃംഖലകൾ ഉള്ളവരാണ് സംഘമെന്ന് മനസ്സിലായിട്ടുണ്ട്. ഇവർക്ക് വിപുലമായ ബന്ധങ്ങളുണ്ട്. ഇവർ നിർമ്മിച്ച സർട്ടിഫിക്കറ്റ് ആർക്കൊക്കെ നൽകി എന്ന് കണ്ടെത്തേണ്ടതുണ്ട്.കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തും.

ബി.വി വിജയ് ഭാരത് റെഡി ( കാസർകോട് ജില്ലാ പൊലീസ് മേധാവി )