വഴിയാകെ വാകപ്പൂ വസന്തം

Friday 16 May 2025 1:50 AM IST

മുഹമ്മ: ആലപ്പുഴ -തണ്ണീമുക്കം റോഡിലൂടെ യാത്രചെയ്യുന്നവർ അറിയാതെ മനസിലൊന്ന് മൂളിപ്പോകും "വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ...." അത്രയ്ക്ക് മനോഹരമായിട്ടാണ്

വാകമരങ്ങൾ ഇരുവശങ്ങളിലുമായി പൂത്തുവിടർന്നുനിൽക്കുന്നത്. മുഹമ്മ ജംഗ്ഷനിൽ നിന്ന് വടക്കോട്ടുപോയാൽ ചുവന്ന വാകകളും തെക്കോട്ട് പോയാൽ മഞ്ഞ വാകകളുമാണ് ഹൃദയം കവർന്നുനിൽക്കുന്നത്. വനം വകുപ്പാണ് വർഷങ്ങൾക്ക് മുമ്പ് പാതയോരങ്ങളിൽ ഈ വാകമരങ്ങൾ നട്ടുപിടിപ്പിച്ചത്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചവയും കൂട്ടത്തിലുണ്ട്.

പൂക്കൾക്ക് മണമില്ലെങ്കിലും കൂട്ടമായി അവ നൽകുന്ന ദൃശ്യചാരുതയാണ് കാഴ്ചക്കാരുടെ മനം കവരുന്നത്. സ്കൂൾ പരിസരത്തും അമ്പല മുറ്റത്തും പാതയോരങ്ങളിലും കുടവിരിച്ചു നിൽക്കുന്ന വാകയുടെ വലിയ വേരുകൾ മരത്തണലിൽ വിശ്രമിക്കുന്നവർക്കുള്ള ഇരിപ്പിടങ്ങൾ കൂടിയാണ്. കൂടൊരുക്കാനും ഇണയുമായി കൊക്കുരുമ്മാനുമായി ധാരാളം പക്ഷികൾ വാകമര ചില്ലകളിൽ ഇടംപിടിക്കാറുണ്ട്.

ഗുൽമോഹർ,​ അലസിപ്പൂമരം തുടങ്ങിയ പേരുകളും വാകയ്ക്കുണ്ട്. വെള്ളവാക, പീലിവാക,നീലവാക,ഈയൽ വാക,നെന്മേനി വാക തുടങ്ങിയ ഇനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ നെന്മേനി വാക ഔഷധഗുണമുള്ളതാണ്. ഇതിന്റെ പൊടികൊണ്ട് ഗുരുവായൂർ അമ്പലത്തിൽ കണ്ണന് വാകച്ചാർത്ത് അണിയിക്കാറുണ്ട്.

മഡഗാസ്‌കർ സുന്ദരി

നൂറ്റാണ്ടിന് മുമ്പ് ബ്രിട്ടീഷുകാർ മഡഗാസ്കറിൽ നിന്ന് കടൽ കടത്തി വാഗമരത്തെ ഇന്ത്യയിലെത്തിച്ചു എന്നാണ് ചരിത്രം പറയുന്നത്. നീല വാഗമരങ്ങളെയാണ് അവർ മലയോരത്ത് നട്ടുവളർത്തിയത്. വസന്തകാലത്ത് നീല വാഗപ്പൂക്കൾ മലയോരത്തെ മേഘങ്ങളോട് ലയിച്ചു നിൽക്കുന്നത് ചാരുതയാർന്ന കാഴ്ചയാണ്. വിത്ത് നട്ടും കമ്പ് ഒടിച്ചു കുത്തിയും വാക വളർത്തിയെടുക്കാം. മഞ്ഞുകാലത്ത് ഇലപൊഴിച്ചും ഏപ്രിൽ, മേയ് മാസങ്ങളിൽ പുഷ്പിച്ചും വാകമരങ്ങൾ

ഋതുഭേദങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. തടി വിറക് ആവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ,​ ചിലയിനം വാഗകൾ വീട് നിർമ്മാണത്തിന് ഉപയോഗിക്കുണ്ട്.