അനർഹമായി മുൻഗണന പട്ടികയിൽ: കണ്ണൂരിൽ 13,217 കാർഡുകൾ പൊതുവിഭാഗത്തിൽ

Thursday 15 May 2025 9:53 PM IST

കണ്ണൂർ:ജില്ലയിൽ അനർഹമായി കൈവശമുണ്ടായ മുൻഗണന അർഹിക്കുന്ന റേഷൻ കാർഡുകളിൽ 13217 എണ്ണം പൊതുവിഭാഗത്തിലേക്ക് മാറ്റി.2001 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കണക്കാണിത്.സർക്കാർ നിർദേശ പ്രകാരം സ്വമേധയാ സറണ്ടർ ചെയ്തവയും ഉദ്യോഗസ്ഥരുടെ പരിശോധന വഴി പൊതുവിഭാഗത്തിലേക്ക് മാറ്റിയവയിൽ പെടുന്നു

സർക്കാർ,അ‌ർദ്ധ സർക്കാർ ,സഹകരണ ജീവനക്കാർ ഉൾപ്പെടെ അനധികൃതമായി എ.എ.വൈ (മഞ്ഞ),പി.എച്ച്.എച്ച് (പിങ്ക് ) റേഷൻ കാർഡുകൾ കൈവശപ്പെടുത്തി സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഈ കാലയളവിൽ ജില്ലയിൽ ആകെ 8,467 എ.എ.വൈ,പി.എച്ച് .എച്ച് വിഭാഗത്തിൽപ്പെട്ട കാർഡുകൾ സ്വമേധയ സറണ്ടർ ചെയ്തിട്ടുമുണ്ട്.

അർഹതയുള്ള പല കുടുംബങ്ങൾക്കും പല കാരണങ്ങൾകൊണ്ടും മുൻഗണനാ റേഷൻ കാർഡ് അപേക്ഷ നൽകി വാങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവർ എല്ലാവരും തിരിച്ചേൽപ്പിക്കാൻ തയ്യാറായിട്ടുമില്ല.

തിരിച്ചുപിടിക്കാൻ ഒപ്പറേഷൻ യെല്ലോ

അനർഹരുടെ കൈകളിലിരിക്കുന്ന റേഷൻ കാർഡ് കർശന നടപടികളിലൂടെ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള ‘ഓപ്പറേഷൻ യെല്ലോ’ പരിശോധന കർശനമായി തുടരുമെന്ന് സിവിൽ സപ്ളൈസ് അധികൃതർ പറഞ്ഞു. നിലവിൽ താലൂക്കടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങിയാണ് പരിശോധന നടത്തുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 43 ശതമാനം പേർക്കു മാത്രമേ മുൻഗണനാ കാർഡിന് അർഹതയുള്ളൂ. അതു പൂർണമായി നൽകിക്കഴിഞ്ഞതിൽ അർഹരായവർക്ക് നൽകണമെങ്കിൽ അനർഹരെ ഒഴിവാക്കിയാൽ മാത്രമെ സാധിക്കുകയുള്ളു.

ആനുകൂല്യം ഇവർക്ക് ഇല്ല

2017 ലെ സർക്കാർ ഉത്തരവ് പ്രകാരവും 2018 ലെ ഭക്ഷ്യ ഭദ്രതാ ചട്ടങ്ങളുടെ ഭാഗമായും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ, പ്രവാസികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാം അംഗങ്ങൾക്കും കൂടി 25,000 രൂപയിലേറെ പ്രതിമാസ വരുമാനമുള്ളവർ, ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്രയടിയോ അതിനു മുകളിലോ വീടു സ്വന്തമായുള്ളവർ, ഏക ഉപജീവനമാർഗമായ ഒരു ടാക്സി ഒഴികെ നാലുചക്ര വാഹനം സ്വന്തമായുള്ളവർ മുൻഗണന റേഷൻ കാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല.

അനർഹമായി മുൻഗണനാ കാർഡുകൾ

കണ്ടെത്തിയത് 2990

എ.എ.വൈ വിഭാഗം 553

പി.എച്ച്.എച്ച് വിഭാഗം 2437

പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 1760