റേഷൻ വാതിൽപ്പടി സേവനം നിറുത്തി കരാറുകാർ

Friday 16 May 2025 12:53 AM IST

ആലപ്പുഴ: നാലുമാസത്തെ കുടിശികയായ 60 കോടി രൂപ ലഭിക്കാതായതോടെ റേഷൻ സാധനങ്ങളുടെ വാതിൽപ്പടി സേവനം നിറുത്തി സപ്ലോകോ കരാറുകാർ.ലോറി വാടകയടക്കം കൊടുക്കാനാവാതെ പ്രതിസന്ധിയിലായതോടെയാണ് സേവനം നിറുത്തിവച്ചത്.

രണ്ട് ഘട്ടമായാണ് കാറുകാരുടെ തുക സപ്ലൈകോ നൽകുന്നത്. ബിൽ സമർപ്പിച്ചാൽ തുകയുടെ 90 ശതമാനം ആദ്യ ആഴ്ചയിൽ നൽകും. 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ 2024 ഏപ്രിൽ മുതൽ ഈ 10 ശതമാനം തുക നൽകിയിട്ടില്ല. കുടിശിക ലഭിക്കുന്നതിനനുസരിച്ചേ വാതിൽപ്പടി സേവനം പുനരാരംഭിക്കുകയുള്ളുവെന്ന് കരാറുകാർ പറഞ്ഞു.

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് സാധനമെടുക്കാൻ പ്രാദേശിക ലോറികൾക്ക് മാത്രമാണ് അനുമതി. ലോഡ് എടുത്താൽ ഉടൻ ലോറിയുടമയ്ക്ക് പണം നൽകണം. കരാറുകാരുടെ ലോറികൾ ഗോഡൗണിനകത്ത് പ്രവേശിപ്പിക്കില്ല. കടം വാങ്ങിയാണ് പലരും പണം നൽകുന്നത്. ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾക്കും ഉടൻ പണം നൽകേണ്ടതുണ്ട്.

ഒരു താലൂക്കിൽ ലോഡ് ഇറക്കുന്നതിന് കരാറുകാർക്ക് ഏകദേശം 25 ലക്ഷം രൂപ നൽകണം. ജനുവരിയിലാണ് അവസാനമായി തുക നൽകിയത്. ഫെബ്രുവരി മുതൽ മേയ് വരെയുള്ള മുഴുവൻ തുകയും കുടിശികയാണ്. പലതവണ സപ്ലൈകോ സി.എം.ഡിക്കും ഭക്ഷ്യവകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.

കുടിശിക കോടികൾ

1. കരാറുകാർ വാതിൽപ്പടി സേവനം നിറുത്തിയതോടെ റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നുതുടങ്ങി

2.ജില്ലയിൽ ഈ മാസം 30 ശതമാനം മാത്രമാണ് റേഷൻ സാധനങ്ങൾ ലഭിച്ചതെന്ന് വ്യാപാരികൾ

3. ഇത്തവണ വാതിൽപ്പടി വിതരണം നടക്കുന്നതിനിടെയാണ് കരാറുകാർ വിതരണം നിറുത്തിയത്

4. ഒരു റേഷൻ കടയിൽ സാധനങ്ങൾ തീരുമ്പോൾ കാർഡുടമകൾ സമീപത്തെ കടകളിലെത്തി സാധനങ്ങൾ വാങ്ങും

5. ഇത് റേഷൻ കടക്കാർ തമ്മിലുള്ള തർക്കത്തിന് വഴിയൊരുക്കാൻ കാരണമാകും

നാലുമാസത്തെ കുടിശിക

60 കോടി

സംസ്ഥാനത്ത് കരാറുകാർ

45

ഒരുവ‌ർഷമായുള്ള തുക കുടിശികയാണ്. ഇത് ലഭിച്ചില്ലെങ്കിൽ കരാറുകാർ വലിയ പ്രതിസന്ധിയിലാകും. എത്രയും വേഗം കുടിശിക തീർക്കാൻ നടപടി എടുക്കണം,

ഫൈസൽ അബ്ദുൾറഹ്മാൻ

കരാറുകാരൻ

റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നുതുടങ്ങി. സാധാരണ മാസം തുടങ്ങുമ്പോൾ സമരം ആരംഭിക്കുന്ന കരാറുകാർ ഇത്തവണ വിതരണം നടക്കുമ്പോഴാണ് സമരം ആരംഭിച്ചത്. സമരം അവസാനിച്ചില്ലെങ്കിൽ റേഷൻ വിതരണം പ്രതിസന്ധിയിലാകും.

-എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ