ദേശീയപാത നിർമ്മാണ പ്രദേശത്തെ മണ്ണിടിച്ചിൽ: ഞാണുംകൈ,വീരമലക്കുന്നുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥ സംഘം
കാലവർഷാരംഭം പരിഗണിച്ച് നിർമ്മാണകമ്പനിക്ക് നിർദ്ദേശം നൽകി
ചെറുവത്തൂർ: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പിലിക്കോട് പഞ്ചായത്തിലെ ഞാണുങ്കൈ കുന്ന്, ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ചയിലെ വീരമലക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു . കാലവർഷം തുടങ്ങാനിരിക്കെ ഈ കുന്നുകൾ ഇടിഞ്ഞുവീണു ഗതാഗതത്തിനും ജനജീവിതത്തിനും ഭീഷണി ഉയർത്താൻ സാദ്ധ്യത ഉണ്ടെന്ന പരാതിയെ തുടർന്നാണ് സംഘം പരിശോധന നടത്തിയത്.
കാലവർഷം കനത്താൽ വീരമലക്കുന്നിൽ മണ്ണൊലിപ്പ് ഉണ്ടാകുമെന്ന് സംഘം വിലയിരുത്തി.ഇത് പരിഗണിച്ച്
വീരമലകുന്നിൽ നിന്ന് വെള്ളം ഒഴുകി പോകുന്നതിന് ഡ്രെയിനേജ് സംവിധാനം ഒരുക്കുമെന്നാണ് നിർമ്മാണകമ്പനിയായ മേഘ കൺസ്ട്രക്ഷൻ ഉറപ്പ് നൽകി. കുന്നിൻ മുകളിൽ നിന്നുള്ള നീരുറവക്ക് ഒഴുകിപ്പോകാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മേഘ അറിയിച്ചു. റോഡിന് പടിഞ്ഞാറ് ഭാഗത്തും ഡ്രെയിനേജ് സംവിധാനം ഒരുക്കാനും ഉദ്യോഗസ്ഥസംഘം നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച പ്രത്യേക സംഘത്തിൽ കാസർകോട് സ്പെഷ്യൽ താഹസീൽദാർ(എൽ.എ), എൻ.എച്ച് യൂണിറ്റ് 2 ഓഫീസിലെ സ്പെഷ്യൽ തഹസിൽദാർ കെ.ശശികുമാർ, തദ്ദേശ താഹസിൽദാർ പി.വി.തുളസിരാജ്, കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി സബ് ഡിവിഷൻ ദേശീയപാത വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രസ്നൽ അലി, അസിസ്റ്റന്റ് എൻജിനീയർ പി.മധു, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എൻ.സുനിത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മട്ടലായിക്കുന്നിന്റെ സംരക്ഷണഭിത്തി സുരക്ഷിതമാക്കണം
പിലിക്കോട് പഞ്ചായത്തിലെ മട്ടലായി കുന്നിന്റെ സംരക്ഷണഭിത്തി നിർമ്മാണം കൂടുതൽ സുരക്ഷിതമായ രീതിയിൽ നടത്തുന്നതിന് റവന്യൂ വകുപ്പ് കമ്പനി നിർദ്ദേശം നൽകി. ഇതിന് പുറമെ കാലിക്കടവ്, പടവലം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാനും മേഘ കമ്പനിക്ക് നിർദ്ദേശം നൽകി.
ചെറുവത്തൂർ മടക്കര റോഡിൽ നിർമ്മിക്കുന്ന ഓവർ ബ്രിഡ്ജിന്റെ ഇരുഭാഗത്തേക്കും ഉള്ള സമാന്തര റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രത്യേക സംഘം നിർദ്ദേശങ്ങൾ നൽകി.