ശ്രീപദ്മനാഭന്റെ ദണ്ഡ് കാണാതായ സംഭവം തെളിവില്ല, കേസ് അവസാനിപ്പിക്കാൻ പൊലീസ്
ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവന്റെ ദണ്ഡ് കാണാതെ പോയ സംഭവത്തിൽ ശാസ്ത്രീയ തെളിവുകളില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം. ബി.എൻ.എസ് സെക്ഷൻ 14 പ്രകാരം വസ്തുതാപരമായ പിഴവ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാകും കേസ് അവസാനിപ്പിക്കുക. ഇതിന്റെ ഭാഗമായി പരമാവധി മൊഴിരേഖപ്പെടുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ദണ്ഡ് തിരിച്ചുകിട്ടിയതോടെ ക്ഷേത്രം അധികൃതരും തൃപ്തരാണ്. ഒരു ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജീവനക്കാരെ ബുദ്ധുമുട്ടിക്കുന്നതായി ഒരുവിഭാഗം ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ശാസ്ത്രീയ തെളിവില്ലാതെ അറസ്റ്രിലേക്ക് കടന്നാൽ പൊലീസ് സമ്മർദ്ദത്തിലാകും. അതിനിടെ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് കേസിന്റെ ഇതുവരെയുള്ള സ്ഥിതി നേരിട്ട് വിലയിരുത്തിയെന്നാണ് വിവരം. പൊലീസ് പ്രതിയെന്ന് ഉറപ്പിച്ച വ്യക്തിക്കെതിരെ കുരുക്ക് മുറുക്കാൻ പരമാവധി സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിദഗ്ദ്ധമായ രീതിയിൽ ദണ്ഡ് മാറ്റിയ ശേഷം പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ സ്ട്രോംഗ് റൂമിലേക്കുള്ള നടവഴിയിലെ മണ്ണിൽ ദണ്ഡ് കൊണ്ടിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസിപ്പോഴും.
സംശയം തോന്നിയ വ്യക്തിയെ മണിക്കൂറുകൾ ചോദ്യം ചെയ്തതിന് പിന്നാലെ വിടാത്തപക്ഷം സ്റ്റേഷൻ ഉപരോധിക്കാനും ചില ശ്രമങ്ങളുണ്ടായി.
ശനിയാഴ്ചയാണ് 42സെന്റീ മീറ്റർ നീളമുള്ള ദണ്ഡ് കാണാതായത്. പൊലീസ് അന്വേഷണത്തിനിടെ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കണ്ടെത്തി.