കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ് വീഴ്ചയുണ്ടെന്ന് ഡി.എം.ഒയുടെ റിപ്പോർട്ട്
തിരുവനന്തപുരം: വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് യുവ സോഫ്ട് വെയർ എൻജിനിയർ എം.എസ്.നീതുവിന്റെ കൈ,കാൽ വിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ക്ലിനിക്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) റിപ്പോർട്ട്. മതിയായ സൗകര്യങ്ങളുണ്ടായില്ല. യഥാസമയം ചികിത്സ ഉറപ്പാക്കിയില്ല തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ജെ.കെ.ദിനിലിന് കൈമാറി. അതേസമയം പൊലീസ് കൂടുതൽ മൊഴികൾ ശേഖരിച്ചുവരികയാണ്.സംഭവം നടന്ന കഴക്കൂട്ടം കുളത്തൂരിലെ കോസ്‌മെറ്റിക്ക് ആശുപത്രി ഉടമ ഡോ.ബിബിലാഷ് ബാബു,ശസ്ത്രക്രിയ ചെയ്ത ഡോ.ഷെനോൾ ശശാങ്കൻ എന്നിവരെ ഇന്നലെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. ഇന്ന് നഴ്സുമാരുടെ മൊഴിയെടുക്കും. നീതു നിലവിൽ ചികിത്സയിൽ കഴിയുന്ന അനന്തപുരി ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ജില്ലാ മെഡിക്കൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ രണ്ട് അഭിപ്രായമുള്ളതിനാൽ അന്വേഷണ സംഘം വ്യക്തത തേടി ജില്ലാ മെഡിക്കൽ ഓഫീസറെ ഉടൻ സമീപിക്കും.ഐ.സി.യുവിലായിരുന്ന നീതുവിനെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയിരുന്നു. വിരലുകൾ മുറിച്ചുമാറ്റിയ ശേഷമുള്ള വേദന നീതുവിന് കുറഞ്ഞിട്ടില്ല. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടിവരും.