സുഹാസ് ഷെട്ടി വധക്കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Thursday 15 May 2025 10:17 PM IST

മംഗളൂരു: വി.എച്ച്.പി പ്രവർത്തകൻ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ കൂടി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു കല്ലവരുവിലെ അസറുദ്ദീൻ എന്ന അസ്ഹർ (29), ഉഡുപ്പി കാപ്പിലെ ബെലാപ്പു സ്വദേശി നൗഫൽ എന്ന അബ്ദുൾ ഖാദർ (24), ബണ്ട്വാൾ പറങ്കിപ്പേട്ടിൽ വാമഞ്ഞൂർ നൗഷാദ് എന്ന ചോട്ട നൗഷാദ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പനമ്പൂർ, സൂറത്ത്കൽ, മുൽക്കി പൊലീസ് സ്റ്റേഷനുകളിൽ അസറുദ്ദീനെതിരെ മൂന്ന് മോഷണ കേസുകളുണ്ട്. സുഹാസ് ഷെട്ടിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും ഈ വിവരങ്ങൾ കൊലയാളികൾക്ക് നൽകുന്നതിലും അസറുദ്ദീൻ പ്രധാന പങ്കുവഹിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രധാന പ്രതിയെ കാറിൽ രക്ഷപ്പെടാൻ സഹായിച്ചത് നൗഫൽ എന്ന അബ്ദുൾ ഖാദറാണ്. ചോട്ട നൗഷാദ് മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസ് വെളിപ്പെടുത്തി. കൊലപാതകം, കൊലപാതകശ്രമം, കവർച്ച ഗൂഢാലോചന തുടങ്ങി ആറ് ക്രിമിനൽ കേസുകളുള്ള നൗഷാദിനെതിരെ സൂറത്ത്കൽ, ബാജ്‌പെ, മൂഡ്ബിദ്രി, മംഗളൂരു നോർത്ത്, ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.