കാശ്‌‌മീരിൽ മൂന്ന് ഭീകരരെ വധിച്ചു,  പഹൽഗാം കൂട്ടക്കൊലയ്ക്ക് സഹായിച്ചയാളും കൊല്ലപ്പെട്ടന്ന് വിവരം

Friday 16 May 2025 4:22 AM IST

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നയാൾ അടക്കം മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കാശ്മീരിൽ അവന്തിപോറയിലെ നാദിറിലായിരുന്നു ഏറ്റുമുട്ടൽ.

ആസിഫ് അഹമ്മദ് ഷെയ്ഖ്, യാവർ അഹമ്മദ്, ആമിർ നാസർ വാണി എന്നിവരാണ് കൊല്ലപ്പെട്ടത്. ആസിഫ് അഹമ്മദ് പഹൽഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് പ്രാദേശിക സഹായം നൽകിയ ആളാണെന്ന് സൂചനയുണ്ട്.

പുൽവാമ ജില്ലയിലെ ത്രാളിലുള്ള നാദിർ ഗ്രാമത്തിലെ വീട്ടിൽ ഇവർ ഒളിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സൈന്യം, ജമ്മുകാശ്‌മീർ പൊലീസ്, സി.ആർ.പി.എഫ് സംയുക്ത സംഘം പ്രദേശം വളഞ്ഞു. ഭീകരർ ഒളിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ഡ്രോണുകൾ ഉപയോഗിച്ച് പകർത്തിയ ശേഷമായിരുന്നു ഓപ്പറേഷൻ. സുരക്ഷാ സേനയുടെ സാന്നിദ്ധ്യം അറിഞ്ഞയുടൻ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.

'ഓപ്പറേഷൻ നാദിർ' എന്നാണ് ഭീകര വേട്ടയ്ക്ക് പേരിട്ടത്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടെന്ന് മാദ്ധ്യമങ്ങളെ അറിയിച്ച സൈന്യം ആസിഫിന് പഹൽഗാം ആക്രമണത്തിലുള്ള പങ്ക് പുറത്തുവിട്ടിട്ടില്ല. ഇതിലൊരു ഭീകരൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് മാതാവുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ടുണ്ട്.

രണ്ടു ദിവസം; വധിച്ചത്

ആറ് ഭീകരരെ

48 മണിക്കൂറിനുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച വെളുപ്പിന് ഷോപ്പിയാനിൽ ഓപ്പറേഷൻ കെല്ലർ എന്നു പേരിട്ട ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചിരുന്നു.