ഇന്ത്യക്കും അഫ്ഗാനിസ്ഥാനും ഇടയിൽ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടു,​ താലിബാന് നന്ദി പറഞ്ഞ് ജയശങ്കർ

Thursday 15 May 2025 10:25 PM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച താലിബാന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ,​ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുതാഖിയെ ഫോണിൽ വിളിച്ചാണ് ജയശങ്കർ നന്ദി അറിയിച്ചത്. അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടെന്നും ജയശങ്കർ പറഞ്ഞു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനുമിടയിൽ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യ - പാകിസ്ഥാൻ ചർച്ചയിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഇല്ലെന്ന് ജയശങ്കർ ഇന്ന് വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ അവരുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.