പോസ്റ്റർ ബാലറ്റ് തിരുത്തൽ പരാമർശം: കേസിൽ കുടുങ്ങി ജി. സുധാകരൻ
ആലപ്പുഴ / തിരുവനന്തപുരം: 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ പോസ്റ്റൽ വോട്ടുകൾ തിരുത്തിയെന്ന് വെളിപ്പെടുത്തിയ സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെതിരെ കേസെടുക്കും. സുധാകരനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു.
ഗുരുതര നിയമലംഘനമായതിനാൽ എഫ്.ഐ.ആറിട്ട് കേസെടുത്ത് വിശദ അന്വേഷണം നടത്താമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ തഹസിൽദാർ കെ. അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സുധാകരന്റെ മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് തുടങ്ങിയ മൊഴിയെടുപ്പ് 40 മിനിട്ടിലേറെ നീണ്ടു. മൊഴിയെടുപ്പ് പൂർത്തിയായെന്നും വിശദ റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും കെ. അൻവർ പറഞ്ഞു. അതേസമയം എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പൂർവകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ വിവാദ വെളിപ്പെടുത്തൽ. 1989ൽ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ സർവീസ് സംഘടനയായ കെ.എസ്.ടി.എയുടെ നേതാവുമായിരുന്ന കെ.വി. ദേവദാസിനായി തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നതായിരുന്നു പരാമർശം. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുധാകരനായിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.
യൂണിയൻ പ്രവർത്തകർ ജാഗ്രത പുലർത്തുന്നതിനാണ് അത്തരത്തിൽ പ്രസംഗിച്ചതെന്നാണ് സുധാകരനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്ന് ജയം വക്കത്തിനൊപ്പം
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136,128 ഉൾപ്പെടെയുള്ള വകുപ്പുകൾ, 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ, ഭാരതീയ ന്യായസംഹിത എന്നിവ അനുസരിച്ച് നടപടിയെടുക്കാനാണ് രത്തൻ യു. ഖേൽക്കർ നിർദ്ദേശിച്ചത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വാർത്ത ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 1989ൽ വക്കം പുരുഷോമനായിരുന്നു ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. പോസ്റ്റൽ വോട്ട് എൽ.ഡി.എഫ് തിരുത്തിയെങ്കിലും 25,123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വക്കം ജയിച്ചു.
പറഞ്ഞതെല്ലാം ഭാവന: ജി. സുധാകരൻ
ചേർത്തല: വിവാദമായ പോസ്റ്റൽ ബാലറ്റ് തിരുത്തൽ പരാമർശം താൻ അല്പം ഭാവന കലർത്തി പറഞ്ഞതാണെന്ന് സി.പി.എം നേതാവ് ജി. സുധാകരൻ പറഞ്ഞു. ചേർത്തല കടക്കരപ്പള്ളിയിൽ സി.പി.ഐ ലോക്കൽ സമ്മേളനത്തിനു മുന്നോടിയായി ആദ്യകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലറ്റ് ആരും തിരുത്തിയിട്ടില്ല. ആ രീതി പാർട്ടിയിലില്ല. എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യകാലപ്രവർത്തകരുടെ സംഗമത്തിലെത്തിയപ്പോൾ ചിലർ പോസ്റ്റൽ വോട്ട് പാർട്ടിക്ക് ചെയ്യാറില്ലെന്നും ഇത് പ്രസംഗത്തിൽ പരാമർശിക്കണമെന്നും ഒരു നേതാവ് സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പൊതുവേ പറഞ്ഞപ്പോൾ അല്പം ഭാവന കലർത്തി അവതരിപ്പിച്ചതാണ്. 20 വർഷം എം.എൽ.എയായിരുന്ന താൻ ബാലറ്റ് പരിശോധയിൽ പങ്കാളിയായിട്ടില്ല. കള്ളവോട്ടു ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ തയ്യാറായിട്ടുമില്ല. പോളിംഗ് ബൂത്തിൽ പോയി വോട്ടുചെയ്യുന്നത്ര രഹസ്യസ്വഭാവം പലപ്പോഴും പോസ്റ്റൽ ബാലറ്റിൽ വരുന്നില്ല. പോസ്റ്റൽ ബാലറ്റിന്റെ സമാഹരണം എല്ലാ പാർട്ടികളും നടത്തുന്നുണ്ട്. വാക്കുകളും വാക്യങ്ങളും അടർത്തിയെടുത്തു മാദ്ധ്യമങ്ങൾ കൊടുക്കുമ്പോഴാണ് പലപ്പോഴും ചർച്ചകളാകുന്നത്. പാർട്ടിയുടെ പ്രാഥമിക അംഗത്വമാണ് മഹനീയ സ്ഥാനമെന്നും സുധാകരൻ പറഞ്ഞു.
പ്രസംഗത്തെക്കുറിച്ച് മാത്രമാണ് ഉദ്യോഗസ്ഥർ ചോദിച്ചത്. ബാക്കി നടപടികൾ കളക്ടർ ചെയ്യട്ടെ. കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല
- ജി.സുധാകരൻ
പാർട്ടി ബാലറ്ര് പേപ്പറിൽ തിരിമറി ചെയ്യാറില്ല. സുധാകരന്റെ വെളിപ്പെടുത്തലിൽ വിശദീകരണം ചോദിക്കും
-ആർ. നാസർ, സി..പി.എം ജില്ലാ സെക്രട്ടറി
ജി.സുധാകരൻ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തിന് ഇനിയും സത്യങ്ങൾ വെളിപ്പെടുത്താനുണ്ടാകും. ബാലറ്റ് അട്ടിമറി സി.പി.എം സ്ഥിരമായി ചെയ്യുന്നതാണ്
-എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി