കേണൽ സോഫിയയ്ക്കെതിരെ പരാമർശം, വിജയ് ഷായ്‌ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന നിലയിലുള്ള മദ്ധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷായുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതിയും മദ്ധ്യപ്രദേശ് ഹൈക്കോടതിയും. ഇന്ത്യ - പാക് സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തെ അറിയിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ബുധനാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. എഫ്.ഐ.ആറിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഇന്നലെ സുപ്രീംകോടതി. ഇടക്കാല ഉത്തരവിടാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ് വിജയ് ഷാ. മന്ത്രി പറയുന്ന ഓരോ വാക്കും ഉത്തരവാദിത്വത്തോടെ ആയിരിക്കണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. താൻ ആരാണെന്നത് മന്ത്രിയ്‌ക്ക് ബോദ്ധ്യമുണ്ടാകണം. പരാമർശങ്ങൾ നടത്തുമ്പോൾ സംയമനം പാലിക്കണം. പ്രത്യേകിച്ചും രാജ്യം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ - കോടതി കൂട്ടിച്ചേർത്തു. അതേസമയം, വിജയ് ഷായ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രശസ്‌തിക്കുവേണ്ടിയുള്ള ഹർജിയാണ്. വിഷയത്തിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ഇടപെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
നേരിട്ട് മേൽനോട്ടം വഹിക്കും
മന്ത്രിക്കെതിരെയുള്ള കേസ് അന്വേഷണത്തിൽ അട്ടിമറി സംശയിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച്. റദ്ദാക്കാൻ കഴിയുന്ന തരത്തിൽ പഴുതുകളിട്ടാണ് എഫ്.ഐ.ആർ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിയെ സഹായിക്കുന്ന തരത്തിലാണ് നീക്കങ്ങൾ. അതിനാൽ കേസിൽ നിഷ്‌പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാൻ കോടതി നേരിട്ട് മേൽനോട്ടം വഹിക്കും. പൊലീസിന് മേൽ ബാഹ്യസമ്മർദ്ദമുണ്ടാകാതിരിക്കാനാണ് നടപടിയെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജൂൺ 16ന് വീണ്ടും പരിഗണിക്കും.
പ്രതിഷേധം ശക്തം
ഭീകരർ ഇന്ത്യയുടെ സഹോദരിമാരെ വിധവകളാക്കി. ഭീകരരെ പാഠം പഠിപ്പിക്കാൻ അവരുടെ സഹോദരിയെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ ഹൃദയത്തിൽ നിന്ന് മാപ്പു പറയുന്നുവെന്നും വിജയ് ഷാ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ ഭോപ്പാലിൽ മഹിളാ കോൺഗ്രസിന്റെ ഉൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കർണാടകയിലെ ബെലഗാവിയിലും കേസെടുക്കാൻ തീരുമാനിച്ചു. അതിനായി പൊലീസിന് നിർദ്ദേശം നൽകിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. സോഫിയ ഖുറേഷിയുടെ ഭർതൃവീട് ബെലഗാവിയിലാണ്.