വെള്ളറട നൂലിയം കുളം പായലിൽ മുങ്ങുന്നു
വെള്ളറട: വെള്ളറട പഞ്ചായത്തിലെ ആറാട്ടുകുഴി വാർഡിലെ ഒന്നര ഏക്കറോളം വിസ്തീർണമുള്ള നൂലിയം കുളം അന്യാധീനപ്പെടുന്നു. കുളം മുഴുവൻ പായൽ മൂടിയ അവസ്ഥയിലാണ്. ഈ അടുത്തകാലംവരെ കുളത്തിലെ വെള്ളം കുളിക്കാൻ സ്ഥലവാസികൾ ഉപയോഗിച്ചിരുന്നതാണ്. പരിസരത്തുനിന്നും മലിനജലവും മാലിന്യങ്ങളും കുളത്തിലേക്ക് ഒലിച്ചിറങ്ങുന്നതിനാൽ കന്നുകാലികളെപോലും കഴുകാൻ വെള്ളം ഉപയോഗിക്കാനാകുന്നില്ല.
പഞ്ചായത്തിലെ പ്രധാന കുളങ്ങളിലൊന്നാണ് നൂലിയം കുളം. ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചാണ് പരിസരത്തെ ഏലാകളിൽ കൃഷി നടത്തിയിരുന്നത്. എന്നാൽ ഇന്ന് കൃഷിയും നിലച്ചിരിക്കുകയാണ്. അടുത്തകാലത്ത് ലക്ഷക്കണക്കിനുരൂപ മൂടക്കി കുളം അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. എന്നാൽ കുളത്തിലെ പായൽ നീക്കാൻ ആരും തയ്യാറാകുന്നില്ല.
ഇതേ വാർഡിലെ പ്രധാനപ്പെട്ട ആറാട്ടുകുഴി കുളം നിരവധി തവണ ലക്ഷക്കണക്കിന് രൂപ വിവിധ പദ്ധതികളിലൂടെ വിനിയോഗിച്ച് നന്നാക്കിയിരുന്നു. എന്നാൽ ഒരിക്കൽ പോലും ഈ കുളം കൊണ്ട് ജനങ്ങൾക്ക് ദോഷമല്ലാതെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. ഒരേ വാർഡിലെ രണ്ട് കുളങ്ങളും ഇപ്പോൾ നശത്തിന്റെ വക്കിലാണ്.
ആറാട്ടുകുഴി കുളവും
അന്യാധീനപ്പെടുന്നു
ആറാട്ടുകുഴി കുളം കൊടുംവനവും കൊതുക് വളർത്തൽ കേന്ദ്രവുമായി മാറിയിരിക്കുകയാണ്. കുളത്തിന്റെ വശങ്ങളിൽ കൃഷിചെയ്യാൻ പഞ്ചായത്ത് ലേലം ചെയ്ത് നൽകിയെങ്കിലും വെള്ളം തങ്ങിനിൽക്കാത്തതിനാൽ കുളത്തിനകത്താണ് കൃഷി ചെയ്യുന്നത്. ഇതിന്റെ പരിസരത്ത് കൂടെ നടന്നുപോകാൻപോലും കാൽനടയാത്രക്കാർ ഭയക്കുന്ന അവസ്ഥയാണ്. കാടായതോടെ ഇഴജന്തുക്കളുടെ താവളം കൂടെയായി മാറി ആറാട്ടുകുഴി കുളം.
കുളങ്ങൾ നശിക്കുന്നു
പഞ്ചായത്തിലെ ആറാട്ടുകുഴി വാർഡിൽ ജംഗ്ഷനോട് അടുത്തുകിടക്കുന്ന ആറാട്ടുകുഴി കുളത്തിന്റെ പരിസരമെങ്കിലും വൃത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമില്ലാതെ നീളുമ്പോഴാണ് നൂലിയം കുളവും പായൽ വളർത്തുകേന്ദ്രമായി മാറിയിരിക്കുന്നത്. കുളങ്ങൾ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുവെങ്കിലും ഒന്നും നടക്കാതെ കുളങ്ങൾ നശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.