ബോവിക്കാനത്ത് വാടക ക്വാർട്ടേഴ്സിന്റെ പൂട്ട് പൊളിച്ച് കവർച്ച

Friday 16 May 2025 1:40 AM IST

കാസർകോട് : ബോവിക്കാനത്ത് വാടക ക്വാർട്ടേഴ്സിന്റെ വാതിൽ പൂട്ട് പൊളിച്ച് സ്വർണ്ണക്കമ്മലും കാൽലക്ഷം രൂപയും കവർച്ച ചെയ്തു. ബോവിക്കാനം തേജസ് കോളനിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 25000 രൂപയും 10 ഗ്രാം തൂക്കമുള്ള ഒരു ജോഡി സ്വർണ്ണക്കമ്മലും കവർന്നത്. മൊത്തം ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് കിരൺകുമാറിന്റെ ഭാര്യ ശ്രീവിദ്യ (38)യുടെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കിരൺകുമാർ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശ്രീവിദ്യ കിരൺകുമാറിന് ആശുപത്രിയിൽ കൂട്ടിരിക്കുന്നതിനാൽ ഇവരുടെ രണ്ട് മക്കൾ ബന്ധുവീട്ടിലാണ് താമസം. മേയ് ഏഴിനും 11നും ഇടയിലാണ് കവർച്ച നടന്നത്. കിരൺകുമാറിന്റെ ചികിത്സയ്ക്കായി പലരും സ്വരൂപിച്ചുനൽകിയ പണമാണ് മോഷണം പോയത്. ആറുവർഷക്കാലമായി കിരൺകുമാറും കുടുംബവും ഈ ക്വാർട്ടേഴ്സിലാണ് താമസം.