കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബി.ജെ.പിയുടെ ഈ നയം സ്വീകരിക്കരുത്: ശശി തരൂർ

Sunday 08 September 2019 9:26 PM IST

ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബി.ജെ.പിയുടെ നയം സ്വീകരിക്കരുതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു. ബി.ജെ.പിയുടെ മൃദു ഹിന്ദുത്വം സ്വീകരിക്കുന്നത് അബദ്ധമാണെന്നും അത് കോൺഗ്രസിന്റെ നാശത്തിലേക്ക് കൊണ്ടുപോകുമെന്നും തരൂർ കൂട്ടിച്ചേർത്തു. ‘ദ ഹിന്ദു വേ; ആൻ ഇൻഡ്രൊക്ഷൻ ടു ഹിന്ദൂയിസം’ എന്നെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ സംസാരിക്കവെ ആണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബി.ജെ.പിയെ പോലെ ഹിന്ദുത്വ പ്രീണനം നയമായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നവർ വലിയ അബദ്ധമാണ് ചെയ്യുന്നത്. കാരണം, യഥാർഥത്തിലുള്ള ഒന്നും, അതിന്റെ അനുകരണവും മുന്നിൽ വന്നാൽ ജനങ്ങൾ യഥാർഥ സംഗതിയെയാണ് തിരഞ്ഞെടുക്കുകയെന്നും തരൂർ പറഞ്ഞു. കോൺഗ്രസിന് പണ്ടുമുതൽക്കേ തനതായ മൂല്യങ്ങലുണ്ട്. ബി.ജെ.പിയുടെ വലയിൽ വീഴുന്നതിന് പകരം ആ മൂല്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് വേണ്ടതെന്നും തരൂർ അഭിപ്രായപ്പെട്ടു.

ഇന്ത്യയെ കുറിച്ച് മോശമായ ചിത്രീകരിക്കുന്ന ആശയങ്ങളെയും,​ അതിതീവ്രമായ ദേശീയതയും എതിർക്കുന്ന യുവാക്കൾ ഇന്ത്യയിലുണ്ട്. അതേസമയം നിലവിലെ അപകടകരമായ സാഹചര്യം മറികടക്കാൻ നമുക്ക് സാധിക്കുമെന്നും തരൂർ പറഞ്ഞു.