തകർന്നടിഞ്ഞ് ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരി വില

Friday 16 May 2025 2:57 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ കനത്ത ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകാതെ പാകിസ്ഥാൻ വിറച്ചതോടെ ആയുധങ്ങൾ നൽകിയ ചൈനീസ് കമ്പനികളുടെ ഓഹരി വില മൂക്കുകുത്തി. പാകിസ്ഥാൻ ഉപയോഗിക്കുന്ന ജെ-10 വിമാനങ്ങളുടെ നിർമ്മാതാക്കളായ അവിക് ചെങ്ഡു എയർക്രാഫ്റ്റ് കമ്പനിയുടെ ഓഹരി വില ഒൻപത് ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാനാകാതെ പാകിസ്ഥാൻ വെടിനിർത്തലിന് കാലുപിടിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ് ചൈനീസ് കമ്പനികൾക്ക് തിരിച്ചടിയായത്.

ഹാങ് സെംഗ് ചൈന എ എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ചൈന എയ്‌റോസ്‌പേസ് ടൈംസ് ഇലക്‌ട്രോണിക്‌സ് കമ്പനി ലിമിറ്റഡ് (ലോങ് മാർച്ച് ലോഞ്ച് വെഹിക്കിൾ ടെക്‌നോളജി കമ്പനി ലിമിറ്റഡ്), ബ്രൈറ്റ് ലേസർ ടെക്‌നോളജീസ്, നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് റെഡ് ആരോ കമ്പനി, സിയാൻ ട്രയാംഗിൾ ഡിഫൻസ്, ചൈന സ്‌പേസാറ്റ്, ബീജിംഗ് ബെയ്, എ.വി.ഐ.സി എയർക്രാഫ്റ്റ് എന്നിവയുടെ ഓഹരികളിൽ നാല് ശതമാനം വരെ ഇടിവുണ്ടായി. ഇന്നലെ ചൈനീസ് ഓഹരി സൂചിക രണ്ട് ശതമാനമാണ് തകർന്നത്.

യുദ്ധ സാഹചര്യത്തിൽ ആയുധ കയറ്റുമതി വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ ചൈനീസ് കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ സംഘർഷത്തിൽ പാകിസ്ഥാന് കനത്ത പ്രഹരം നേരിട്ടെന്ന് വ്യക്തമായതോടെ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കി.

ചൈനയുടെ ആയുധ വിൽപ്പനയ്ക്കും തിരിച്ചടി

ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാക് ആയുധങ്ങൾ അമ്പേ പരാജയപ്പെട്ടതോടെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രതിരോധ ഉത്പന്നങ്ങൾ വിൽക്കാനുള്ള ശ്രമം പാളുന്നു. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത പ്രതിരോധ ഉപകരണങ്ങളെ ഇന്ത്യൻ സംവിധാനങ്ങൾ തകർത്തത് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ശരിവച്ചിരുന്നു.