വീണ്ടും വരുമോ മാസ്ക് കാലം, ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വൻതോതിൽ കൂടുന്നു

Friday 16 May 2025 10:40 AM IST

ന്യൂഡൽഹി: പല ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ വൻതോതിൽ കൂടിവരുന്നതായി റിപ്പോർട്ട്. ഹോങ്കോങ്, ചൈന, സിങ്കപ്പൂർ തുടങ്ങിയിടങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നത്. ഇത് പുതിയ കൊവിഡ് തരംഗത്തിന്റെ സൂചനയെന്നാണ് വിലയിരുത്തുന്നത്. പല രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

പോസിറ്റീവാകുന്ന കൊവിഡ് കേസുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ഹോങ്കോങ് അധികൃതർ പറയുന്നത്. മരണത്തിന് കാരണമാകുന്ന കേസുകളിലും കാര്യമായ വർദ്ധനയുണ്ട്.

കൊവിഡിന്റെ പ്രഭവകേന്ദ്രം എന്നുകരുതുന്ന ചൈനയിലും ഏറക്കുറെ സമാനമായ അവസ്ഥയാണ്. ഇവിടെ കൊവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ടുചെയ്യുന്നത്. മേയ് നാലുവരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരുവർഷത്തിനുശേഷം ആദ്യമായാണ് സിങ്കപ്പൂർ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത്. രാജ്യത്ത് മേയ് മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്ക് അതിന് മുമ്പുള്ള ആഴ്ചയേക്കാൾ 28 ശതമാനം കൂടിയിട്ടുണ്ട്. ഇത് ആശങ്കാ ജനകമാണെന്നാണ് അധികൃതർ പറയുന്നത്.

അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലുടനീളം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകയറുകയാണ്. കൊച്ചുകുട്ടികൾ ഉൾപ്പെടെ രോഗം ബാധിതരാണ്. മരണസംഖ്യ ഉയരുന്നുണ്ടോ എന്ന് വ്യക്തമല്ല. രോഗം പർടന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വാക്സിൻ എടുക്കണമെന്നും അപകടസാദ്ധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധ ശമനമില്ലാതെ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന് വ്യക്തമല്ല.